വിക്ടേഴ്സിൽ കോവിഡ് ബോധവത്കരണം; അധ്യയനവർഷാരംഭം വൈകിയേക്കും
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുകയും ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ അധ്യയനവർഷം ആരംഭിക്കുന്നതിൽ അനിശ്ചിതത്വം. ജൂണിൽ സ്കൂളുകൾ തുറന്നുള്ള അധ്യയനം സാധിക്കില്ലെന്ന് നേരത്തേ വിദ്യാഭ്യാസവകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു.
ജൂണിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഡിജിറ്റൽ ക്ലാസ് തുടങ്ങാനാണ് ആലോചിച്ചിരുന്നത്. എന്നാൽ, വിക്ടേഴ്സ് വഴി കോവിഡ് പ്രതിരോധ, ബോധവത്കരണ പരിപാടി ആരംഭിച്ചതോടെ ജൂൺ ആദ്യം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ക്ലാസ് തുടങ്ങാൻ സാധ്യത മങ്ങി. ആരോഗ്യവകുപ്പുമായി ചേർന്നാണ് വിക്ടേഴ്സിൽ 'അതിജീവനം' എന്ന പേരിൽ വിവിധ പരിപാടികൾ ആരംഭിച്ചത്.
ഇൗ പരിപാടികളുടെ ചിത്രീകരണത്തിനും സംപ്രേഷണത്തിനുമാണ് വിക്ടേഴ്സ് സ്റ്റുഡിയോ ഉപയോഗിക്കുന്നത്. ജൂണിൽ ഡിജിറ്റൽ ക്ലാസ് തുടങ്ങണമെങ്കിൽ മേയിൽതന്നെ റെക്കോഡിങ് ആരംഭിക്കണം. നിലവിൽ കോവിഡ് പ്രതിരോധ, ബോധവത്കരണ പരിപാടികൾക്ക് മുൻഗണന നൽകിയാണ് വിക്ടേഴ്സ് പ്രവർത്തിക്കുന്നതെന്ന് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. സർക്കാർ നിർദേശം ലഭിക്കുന്ന മുറയ്ക്കായിരിക്കും ഡിജിറ്റൽ ക്ലാസ് സംപ്രേഷണത്തിൽ തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.