അഞ്ചു വർഷമായി സംസ്ഥാനത്തിന് എൻ.ഡി.ആർ.എഫ് ഫണ്ടില്ല
text_fieldsകൊച്ചി: കേരളത്തെ പ്രളയം പിടിച്ചുകുലുക്കിയ 2018-19 കാലയളവിനുശേഷം ഇതുവരെ കേന്ദ്ര ദുരന്ത നിവാരണസേനയുടെ (എൻ.ഡി.ആർ.എഫ്) ഫണ്ട് ലഭ്യമാകാതെ സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്.ഡി.ആർ.എഫ്). 2018-19 വർഷത്തിൽ 2904 കോടിയാണ് എൻ.ഡി.ആർ.എഫ് ഫണ്ടായി ലഭിച്ചത്. ഇതിനു ശേഷം അഞ്ചു വർഷമായി ഫണ്ട് ലഭിക്കുന്നില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. എന്നാൽ, ഇക്കാലത്തുടനീളം കേന്ദ്രത്തിന്റെ എസ്.ഡി.ആർ.എഫ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. 2018-19 വർഷം 160.50 കോടി, 2019-20 വർഷം 168.75 കോടി, 2020-21ൽ 314 കോടി, 2021-22ൽ 251.20 കോടി, 2022-23ൽ 264 കോടി, 2023-24ൽ 138.80 കോടി എന്നിങ്ങനെയാണ് ലഭിച്ചത്.
2018-19 മുതൽ 2023-24 വരെ വർഷങ്ങളിൽ യഥാക്രമം 53.50 കോടി, 56.25 കോടി, 105 കോടി, 84 കോടി, 88 കോടി, 46 കോടി എന്നിങ്ങനെയാണ് സംസ്ഥാന വിഹിതമായി ദുരന്തപ്രതികരണ നിധിയിലേക്ക് വകയിരുത്തിയത്. 2018-19ൽ 1317 കോടിയും 2019-20ൽ 1815 കോടിയും 2020-21 ൽ 495 കോടിയും ചെലവഴിച്ചു. 2021-22ൽ 749 കോടി, 2022-23ൽ 459 കോടി, 2023-24ൽ 74 കോടി എന്നിങ്ങനെയാണ് മറ്റു വർഷങ്ങളിൽ ചെലവഴിച്ച തുകയുടെ കണക്ക്. നിലവിൽ നിധിയുടെ പൊതുഅക്കൗണ്ടിൽ 275.40 കോടിയാണ് നീക്കിയിരിപ്പായുള്ളത്.
വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ അപേക്ഷക്കുള്ള മറുപടിയിലാണ് ദുരന്ത നിവാരണ വകുപ്പിനുകീഴിലെ ഫണ്ടിനെ കുറിച്ചുള്ള വിശദാംശങ്ങളുള്ളത്. എന്നാൽ, ദുരന്തങ്ങളിൽ ജീവൻ നഷ്ടമായവരെ കുറിച്ചുള്ള കണക്കുകളൊന്നും ദുരന്ത നിവാരണ വകുപ്പ് സൂക്ഷിച്ചിട്ടില്ലെന്ന യാഥാർഥ്യവും മറുപടിയിൽ വ്യക്തമാകുന്നു.
2018 മുതൽ ഇതുവരെ നടന്ന മരണങ്ങളുടെ കണക്ക്, ഓരോ ദുരന്തത്തിലും മരിച്ചവരുടെ എണ്ണവും അവർക്കു കിട്ടിയ നഷ്ടപരിഹാരത്തിന്റെ കണക്കും ദേശീയദുരന്തങ്ങളുടെ ജീവനാംശ കണക്ക്, നഷ്ടപരിഹാരം തുടങ്ങിയവ സംബന്ധിച്ച കണക്കുകളാണ് വകുപ്പിലില്ലാത്തത്. ഇതു സംബന്ധിച്ച ചോദ്യങ്ങൾ ലാൻഡ് റവന്യൂ കമീഷണറേറ്റ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ല കലക്ടറേറ്റുകൾ എന്നിവിടങ്ങളിലേക്ക് കൈമാറിയിരിക്കുകയാണെന്ന് മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.