സംസ്ഥാനത്തെ സെൻസസ് ടൗണുകളെക്കൂടി നഗരപ്രദേശമാക്കുന്നു
text_fieldsതിരുവനന്തപുരം: സെൻസസ് ടൗണുകളായി തരംതിരിച്ച ഗ്രാമപഞ്ചായത്തുകളെക്കൂടി നഗരപ്രദേശങ്ങളായി പരിഗണിക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ തീവ്ര നഗരവത്കരണത്തിെൻറ പശ്ചാത്തലത്തിൽ ദുരന്തങ്ങളും കാലാവസ്ഥാമാറ്റവും കാരണമുള്ള പ്രത്യാഘാതം ജനങ്ങളെ ബാധിക്കുന്നത് പ്രതിരോധിക്കുന്നത് മുൻനിർത്തിയാണിത്. സെൻസസ് ടൗണുകൾ പൂർണമായും ഭാഗികമായും ഉൾപ്പെടുന്ന പഞ്ചായത്തുകളെ സ്ഥലപര ആസൂത്രണത്തിന് നഗരപ്രദേശമായി കണക്കാക്കാൻ സർക്കാർ മുഖ്യ നഗര ആസൂത്രകനോട് നിർദേശിച്ചു.
2011ലെ സെൻസസ് പ്രകാരം കേരളത്തിൽ 59 സ്റ്റാറ്റ്യൂട്ടറി ടൗണുകളാണുള്ളത്. മുനിസിപ്പാലിറ്റികളും കോർപറേഷനുകളുംകൂടി ഉൾപ്പെടുന്നതാണ് ഇവ. ജനസംഖ്യ അടിസ്ഥാനമാക്കി മൂന്ന് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സെൻസസ് ടൗണുകൾ നിർണയിക്കുന്നത്. ജനസംഖ്യ 5,000ത്തിൽ കുറവുള്ളതും ജോലിയെടുക്കുന്ന പുരുഷന്മാരിൽ 75 ശതമാനം കാർഷികേതര ജോലികളിൽ ഏർപ്പെടുന്നതും ചതുരശ്ര കിലോമീറ്ററിൽ കുറഞ്ഞത് 400 ആളുകളെങ്കിലും അധിവസിക്കുന്നതുമായ ഗ്രാമപഞ്ചായത്തുകളെയാണ് സെൻസസ് ടൗൺ ആയി കണക്കാക്കുന്നത്. ഇത്തരത്തിൽ 461 പഞ്ചായത്തുകളാണുള്ളത്. 2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ ആറ് ജില്ലകളിൽ നഗര ജനസംഖ്യ 50 ശതമാനത്തിന് മുകളിലാണ്.
എന്നാൽ, 2011ന് ശേഷം ഗ്രാമപ്രദേശങ്ങളിലെ സെൻസസ് ടൗണുകളിൽ നഗരവത്കരണം ദ്രുതഗതിയിലാണ്. ഇത് ആസൂത്രണത്തിൽ വെല്ലുവിളിയുയർത്തുന്ന സാഹചര്യത്തിലാണ് പ്രത്യേക സ്ഥലങ്ങളെ തെരഞ്ഞെടുത്ത് വികസിപ്പിക്കുന്ന സ്ഥലപര ആസൂത്രണം നടപ്പാക്കാൻ സെൻസസ് ടൗണുകളെ നഗരപ്രദേശങ്ങളായി കണക്കാക്കുന്നത്. കേരള പുനർനിർമാണ പദ്ധതിയിൽ വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് വികസനം നടപ്പാക്കുന്നതിന് പ്ലാൻ തയാറാക്കാനുള്ള ശിപാർശയും സർക്കാറിന് മുന്നിലുണ്ട്. അതിനാൽ സ്ഥലപര ആസൂത്രണ പരിധിയിൽ പഞ്ചായത്തുകളെക്കൂടി ഉൾപ്പെടുത്താനാണ് തീരുമാനം.
പ്രദേശങ്ങൾക്ക് അനുയോജ്യമായ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള ആസൂത്രണം ദുരന്തങ്ങളെ പ്രതിരോധിക്കാൻ സഹായകമാവുമെന്നാണ് സർക്കാറിെൻറ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.