സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് തിരിതെളിയും
text_fieldsതിരുവനന്തപുരം: കരവിരുതിന്റെ മികവും കണ്ടുപിടിത്തങ്ങളുടെ വിസ്മയവുമൊരുക്കി സംസ്ഥാന സ്കൂൾ ശാസ്ത്രമേളക്ക് ഇന്ന് തുടക്കം. ക്ലാസ് മുറികൾ പകരുന്ന അറിവിനപ്പുറം സ്വയം ആർജിച്ചെടുത്ത വൈഭവങ്ങളുടെ നേർക്കാഴ്ച കൂടിയാകും വിദ്യാർഥികൾ ഒരുക്കുക.
180 ഇനങ്ങളിലായി 7500 ഓളം വിദ്യാർഥികൾ ഇനിയുള്ള നാലുനാൾ തലസ്ഥാന നഗരിയിൽ മികവിന്റെ മാറ്റുരക്കൽ നടത്തും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗം വിദ്യാർഥികളാണ് ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നത്. വ്യാഴാഴ്ച രാവിലെ 10.30ന് പ്രധാനവേദിയായ കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പതാക ഉയർത്തും.
11ന് സ്പീക്കർ എ.എൻ. ഷംസീർ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. ശാസ്ത്രമേള സെന്റ് ജോസഫ് സ്കൂളിലും ഗണിതശാസ്ത്രമേള പട്ടം ഗവ. ഗേൾസ് എച്ച്.എസ്.എസിലും സാമൂഹിക ശാസ്ത്രമേള, ഐ.ടി മേള എന്നിവ കോട്ടൺഹിൽ ഗവ. ഗേൾസ് സ്കൂളിലും നടക്കും. വൊക്കേഷനൽ എക്സ്പോയും കരിയർ ഫെസ്റ്റും മണക്കാട് വി.എച്ച്.എസ്.എസിലാണ് സംഘടിച്ചിട്ടുള്ളത്.
സംഘാടക സമിതി ഓഫിസ്, രജിസ്ട്രേഷൻ കൗണ്ടർ എന്നിവ തൈക്കാട് മോഡൽ ബോയ്സ് എച്ച്.എസ്.എസിൽ പ്രവർത്തിക്കും. ശാസ്ത്ര വിഭാഗത്തിൽ 18 മത്സരയിനങ്ങളും ഗണിതശാസ്ത്ര വിഭാഗത്തിൽ 29 ഇനങ്ങളുമുണ്ടാകും. സാമൂഹിക ശാസ്ത്രമേളയിൽ 15 ഇനങ്ങളും പ്രവൃത്തിപരിചയമേളയിൽ 102 ഇനങ്ങളും ഐ.ടി വിഭാഗത്തിൽ 16 ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മത്സരഫലം mela.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. വൊക്കേഷനൽ എക്സ്പോയിൽ ഏഴ് മേഖലകളിൽ നടന്ന മേഖലതല എക്സ്പോയിൽ പങ്കെടുത്ത് ഒന്നു മുതൽ മൂന്നുവരെ സ്ഥാനങ്ങൾ നേടിയ 84 ടീമുകളാണ് പങ്കെടുക്കുക.
വിദ്യാർഥികൾ അവരുടെ പാഠ്യവിഷയവുമായി ബന്ധപ്പെട്ട് തയാറാക്കുന്ന ഉൽപന്നങ്ങളും സേവനങ്ങളുമാണ് എക്സ്പോയിൽ അവതരിപ്പിക്കുന്നത്. സമാപന സമ്മേളനം ഞായറാഴ്ച വൈകീട്ട് നാലിന് കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.