അക്കാദമിക നിലവാരം: പല അഭിപ്രായങ്ങളുമുയരും, അത് രാഷ്ട്രീയലക്ഷ്യത്തോടെ പുറത്തുവിടുന്നത് ദുഷ്ടലാക്കാണെന്ന് മന്ത്രി
text_fieldsകൊടുങ്ങല്ലൂർ: വിദ്യാർഥികളുടെ അക്കാദമിക നിലവാരം മോശമാണെന്ന തരത്തിൽ വന്ന വാർത്തയിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ അന്വേഷണത്തിന് നിയോഗിച്ചതായും മന്ത്രി വി. ശിവൻകുട്ടി. കയ്പമംഗലം നിയോജക മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. ഏത് ഏജൻസി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കും.
രണ്ട് മാസം മുമ്പ് നടന്ന അധ്യാപക ശിൽപശാലയിൽനിന്നുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്. ഇത്തരം ശിൽപശാലകളിൽ പല അഭിപ്രായങ്ങളുമുയരും. അത് രാഷ്ട്രീയലക്ഷ്യത്തോടെ പുറത്തുവിടുന്നത് ദുഷ്ടലാക്കാണ്. ഇത്തരത്തിലുള്ള അധ്യാപകരെ എങ്ങനെ വിശ്വസിക്കുമെന്നും മന്ത്രി ചോദിച്ചു.
അക്ഷരം കൂട്ടിവായിക്കാൻ കഴിയാത്ത കുട്ടികൾക്ക് വരെ എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് ലഭിക്കുന്നെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിമർശനം. എസ്.എസ്.എൽ.സി പരീക്ഷയുടെ മുന്നോടിയായി ചോദ്യപേപ്പർ തയാറാക്കുന്ന അധ്യാപകർക്കായി എസ്.സി.ഇ.ആർ.ടിയിൽ നവംബർ 22ന് നടത്തിയ ശിൽപശാലയിലായിരുന്നു പരീക്ഷാ കമീഷണർ കൂടിയായ ഡയറക്ടർ എസ്. ഷാനവാസിന്റെ വിമർശനം. പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തുവന്നു.
എല്ലാ വർഷവും 69,000 കുട്ടികൾക്ക് വരെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുന്നെന്നും അക്ഷരം കൂട്ടിവായിക്കാൻ കഴിയാത്തവർ പോലും അതിലുണ്ടെന്ന് നല്ല ഉറപ്പുണ്ടെന്നും ഡയറക്ടർ പറയുന്നു. പരീക്ഷ രജിസ്റ്റർ നമ്പർ അക്കത്തിൽ എഴുതാൻ അറിയുമെങ്കിലും അക്ഷരത്തിൽ എഴുതാൻ അറിയില്ല. തെറ്റായി എഴുതിയത് അധ്യാപകൻ കണ്ടുപിടിക്കാത്തതിനാൽ 12 ഓളം പേർക്ക് നോട്ടീസ് നൽകിയിരുന്നു. അങ്ങനെ എഴുതാൻ അറിയാത്ത കുട്ടിക്കാണ് എ പ്ലസ് നൽകുന്നത്. ഇല്ലാത്ത ഒരു കഴിവ് ഉണ്ട് എന്നുപറയുന്ന വലിയ ചതിയാണ് കുട്ടിയോട് ചെയ്യുന്നത്. ഇല്ലാത്ത മെറിറ്റ് ഉണ്ടെന്ന് കുട്ടിയോട് പറയുകയാണ് ചെയ്യുന്നത്.
കുട്ടികളെ ജയിപ്പിക്കുന്നതിന് ഞാൻ എതിരല്ല. 50 ശതമാനത്തിൽ അത് നിർത്തണം. അതിനു ശേഷമുള്ള മാർക്ക് വിദ്യാർഥി നേടിയെടുക്കണം. അതില്ലാതെ പോയാൽ നമ്മൾ വിലയില്ലാത്തവരായി മാറും. ഇതെല്ലാം കെട്ടുകാഴ്ചയായി മാറും. പരീക്ഷകൾ പരീക്ഷകളാകുക തന്നെ വേണം. 50 ശതമാനം മാർക്കിൽ ജയിച്ചുപൊയ്ക്കോട്ടെ. ആരെയും തളർത്തിയിടുന്നില്ല. 50 ശതമാനം മാർക്കിനേ അർഹതയുള്ളൂ എന്ന് കുട്ടിക്ക് മനസ്സിലാകണം.
സി.ബി.എസ്.ഇക്ക് പുകഴ്ത്തൽ
സി.ബി.എസ്.ഇ പഠന രീതിയെയും ഡയറക്ടർ പ്രസംഗത്തിൽ പുകഴ്ത്തി. സി.ബി.എസ്.ഇ കുട്ടികൾ നമ്മുടെ കുട്ടികളെക്കാൾ നന്നായി പഠിച്ചിറങ്ങുന്നു. എന്റെ മകൻ സി.ബി.എസ്.ഇയിലാണ് പഠിച്ചത്. അവിടെ പി.എസ്.സി റിസൽട്ട് ഇല്ലാത്ത അധ്യാപകനും അധ്യാപികയും ഇരുന്ന് കുട്ടികളെ പഠിപ്പിക്കും. ഒരു പേപ്പറിന് 10 മാർക്ക് കുറഞ്ഞാൽ അച്ഛനെയും അമ്മയെയും വിളിപ്പിക്കും. ഓപൺ ഹൗസ് എന്നുപറഞ്ഞാൽ ഗ്രില്ലിങ് സെഷനാണ്. അശാസ്ത്രീയമായിരിക്കാമെങ്കിലും അമ്മമാർക്കൊക്കെയുള്ള കഠിനമായ സെഷനാണ് ഓപൺ ഹൗസ്. ഇതുവഴി 50 ശതമാനം കുട്ടികളെങ്കിലും വീട്ടിൽനിന്നുള്ള സമ്മർദം കാരണം പഠിക്കുന്നുണ്ടെന്നും ഷാനവാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.