സ്റ്റോക്ക് ഏറെക്കുറെ തീർന്നു; ആശങ്ക ഒഴിയാതെ വാക്സിനേഷൻ
text_fieldsതിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിച്ച് കോവിഡ് വാക്സിനേഷൻ നടപടി നീങ്ങിയെങ്കിലും വാക്സിൻ ലഭ്യതയിലെ ആശങ്ക ഒഴിയുന്നില്ല. കഷ്ടിച്ച് രണ്ട് ദിവസത്തേക്കുള്ള വാക്സിൻ മാത്രമാണ് സംസ്ഥാനത്തുള്ളത്. വാക്സിൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പരാതികളും ഉയരുന്നുണ്ട്. ഓൺലൈൻ രജിസ്റ്റർ ചെയ്താൽ േസ്ലാട്ട് ലഭിക്കാത്തതാണ് പ്രധാന പ്രശ്നം. വാക്സിൻ ദൗർലഭ്യമാണ് കാരണമെന്നാണ് സർക്കാർ വിശദീകരണം. േകന്ദ്രം വാക്സിൻ ലഭ്യമാക്കിയില്ലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാകും. നിലവിൽ 3,68,840 ഡോസ് വാക്സിൻ മാത്രമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സ്ഥിരീകരിച്ചു.
എന്നാൽ, ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതിനാൽ തിങ്കളാഴ്ചത്തെ തിരക്ക് മിക്ക വാക്സിൻ വിതരണ കേന്ദ്രങ്ങളിലും ചൊവ്വാഴ്ച ദൃശ്യമായില്ല. ഓണ്‍ലൈൻ രജിസ്റ്റർ ചെയ്തെത്തുന്നവര്‍ക്ക് മാത്രം ടോക്കണ്‍ നല്‍കിയാണ് കുത്തിവെപ്പ് നടത്തിയത്. മെഗാ വാക്സിനേഷൻ ക്യാമ്പുകളിലും മറ്റു കുത്തിവെപ്പ് കേന്ദ്രങ്ങളിലും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. തിങ്കളാഴ്ച തിക്കുംതിരക്കും വാക്കേറ്റവും കുഴഞ്ഞുവീണ സംഭവങ്ങളുമെല്ലാമുണ്ടായ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച എല്ലാം ചിട്ടയായാണ് നടന്നത്.
കേന്ദ്രത്തിൽ എത്തുന്നവര്‍ക്ക് ആദ്യം ടോക്കണ്‍ കൊടുത്ത്, ശേഷം ക്രമമനുസരിച്ചാണ് വാക്സിന് നല്‍കിയത്. ടോക്കണ്‍ ലഭിക്കാൻ വിശ്രമസ്ഥലം, ഭിന്നശേഷിക്കാരോ തീരെ നടക്കാനാകാത്ത വയോജനങ്ങളോ ആണെങ്കില്‍ പ്രത്യേക സംവിധാനം ഉൾപ്പെടെ ഒരുക്കി. ഓണ്‍ലൈൻ രജിസ്റ്റർ ചെയ്തെത്തിയവരെ സമയം നോക്കി കടത്തിവിടാൻ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കി.
നടപടികൾ സുഗമമാക്കിയെങ്കിലും വാക്സിെൻറ ദൗർലഭ്യം ആശങ്ക വർധിപ്പിക്കുകയാണ്. വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കുറച്ച് രണ്ട് ദിവസം കൂടി വാക്സിൻ നൽകാനാകുമോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. വാക്സിന് വേണ്ടി കേന്ദ്ര സർക്കാറിനെയും സ്വകാര്യ കമ്പനികളെയും സമീപിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വാക്സിൻ എത്തുന്ന കാര്യത്തില്‍ പ്രത്യേകിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടുമില്ല.
പരാതികൾക്ക് കാരണം വാക്സിെൻറ ദൗർലഭ്യം -മുഖ്യമന്ത്രി
തിരുവനന്തപുരം: രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പരാതികൾക്ക് പ്രധാനകാരണം വാക്സിെൻറ ദൗർലഭ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ 3,68,840 ഡോസ് വാക്സിൻ മാത്രമാണുള്ളത്. ഈ സാഹചര്യം മൂലമാണ് കേന്ദ്രത്തോട് 50 ലക്ഷം ഡോസ് ഒറ്റയടിക്ക് നൽകണമെന്ന് ആവശ്യപ്പെടുന്നത്. എന്തിനാണ് ഇത്രയധികം വാക്സിൻ ഒരുമിച്ച് എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. അവിടെയാണ് സ്ലോട്ടുകൾ അനുവദിക്കുമ്പോഴുണ്ടാകുന്ന പ്രശ്നം ഉയരുന്നത്.
ആവശ്യമനുസരിച്ച് മുൻകൂട്ടി സ്ലോട്ടുകൾ അനുവദിക്കേണ്ടിവരും. അങ്ങനെ വരുമ്പോൾ പരമാവധി വാക്സിൻ സ്റ്റോക്കിൽ ഉണ്ടാകുകയും സ്ലോട്ടനുവദിക്കുന്ന കേന്ദ്രങ്ങളിൽ അത് ലഭ്യമാകുമെന്ന് ഉറപ്പുവരുത്തുകയും വേണം. വാക്സിൻ ആവശ്യത്തിന് സ്റ്റോക്കില്ലാത്തതിനാൽ ഇത് സാധ്യമാകാത്ത അവസ്ഥയാണ്. വാക്സിൻ ലഭിക്കുന്ന മുറക്ക് അടുത്ത ദിവസത്തേക്കുള്ള വാക്സിൻ തൊട്ടുമുമ്പുള്ള ദിവസമാണ് ഷെഡ്യൂൾ ചെയ്യാൻ കഴിയുന്നത്. ആ രീതിയിൽ അടുത്ത ദിവസത്തേക്കുള്ള സ്ലോട്ടുകൾ രജിസ്ട്രേഷനായി അനുവദിക്കുമ്പോൾ അൽപ സമയത്തിനുള്ളിൽ തീരുന്നു.
അതിനുശേഷം വെബ്സൈറ്റിൽ കയറുന്നവർക്ക് അടുത്ത ദിവസങ്ങളിലൊന്നും സ്ലോട്ടുകൾ കാണാനാവില്ല. അതിനർഥം തുടർന്നുള്ള ദിവസങ്ങളിൽ ലഭ്യമല്ല എന്നല്ല. അടുത്തദിവസം നോക്കിയാൽ വീണ്ടും സ്ലോട്ടുകൾ ലഭിക്കാൻ സാധ്യതയുണ്ട്.
തിരുവനന്തപുരത്ത് കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ ക്രമീകരണം ഏർപ്പെടുത്തി. ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രികളിലെ 75 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്ക് മാറ്റിവെക്കാൻ നിർദേശം നൽകി. ഇതിൽ പകുതി കിടക്കകൾ ബുധനാഴ്ച സജ്ജമാകും. ഇതിൽ 30 ശതമാനം കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിയിൽ റഫർ ചെയ്യുന്നവർക്ക് നൽകുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.