മലങ്കര ഡാമിന്റെ സംഭരണ ശേഷി കൂട്ടും
text_fieldsതൊടുപുഴ: മലങ്കര ഡാമില്‍ സംഭരണശേഷിയുടെ 49 ശതമാനവും ചെളിയും മണലും എക്കലും. അണക്കെട്ടിന്റെ സംഭരണ ശേഷി 36.36 ദശലക്ഷം ഘന മീറ്ററാണ്. എന്നാല്‍ കാലങ്ങളിലായി എക്കലും ചെളിയും മണലും അടിഞ്ഞു കൂടിയതിനെ തുടര്‍ന്ന് ഇത് 51 ശതമാനമായി കുറഞ്ഞു.
സംഭരണ ശേഷിയുടെ പകുതിയോളം നഷ്ടപ്പെട്ട സാഹചര്യത്തിൽ ചെളിയും എക്കലും നീക്കി സംഭരണശേഷി വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന് നിര്‍ദേശം നല്കി.
ഏകദേശം 18 ദശലക്ഷം ഘന മീറ്റര്‍ ചെളിയും മണ്ണും എക്കലുമാണ് നീക്കം ചെയ്യേണ്ടത്.
ഈ പ്രവര്‍ത്തി ടേണ്‍ കീ അടിസ്ഥാനത്തിൽ ടെന്‍ഡര്‍ മുഖേനയാണ് നടപ്പാക്കുക. കരാര്‍ ഏറ്റെടുക്കുന്ന കമ്പനി ഡീസില്റ്റേഷന് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിലേക്ക് പണം അടയ്ക്കുന്നതാണ് ടേണ്‍ കീ സമ്പ്രദായം. മുന്‍പ് പാലക്കാട് ജില്ലയിലുള്ള മംഗളം ഡാം ഇതേ മാതൃകയില്‍ കരാര്‍ നല്‍കിയിരുന്നു. നിലവില്‍ ചുള്ളിയാര്‍, വാളയാര്‍, മീങ്കര എന്നീ ഡാമുകളില്‍ വിവിധ ഏജന്‍സികള്‍ ഡീസില്റ്റേഷന് പ്രവര്‍ത്തികള്‍ നടത്തി വരുന്നുണ്ട്.
തൊടുപുഴക്ക് സമീപം മുട്ടത്ത് തൊടുപുഴയാറിനു കുറുകെ നിര്‍മിച്ച ചെറിയ അണക്കെട്ടാണ് മലങ്കര.
മൂവാറ്റുപുഴ ജലസേചന പദ്ധതിയുടെ ഭാഗമാണിത്. ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള ജലം ഉപയോഗിച്ച് മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലം തടഞ്ഞു നിര്‍ത്തി ജലസേചനത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കും വൈദ്യുതി ഉൽപാദനത്തിനുമാണ് ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.