റേഷൻ കടയടപ്പ് സമരം ഉപേക്ഷിച്ചു
text_fieldsതിരുവനന്തപുരം: ശനിയാഴ്ച മുതൽ ആരംഭിക്കാനിരുന്ന അനിശ്ചിതകാല റേഷൻ കടയടപ്പ് സമരത്തിൽ നിന്ന് സംയുക്ത സമരസമിതി പിന്മാറി. ഒക്ടോബർ മാസത്തെ കമീഷൻ പൂർണമായി അനുവദിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയതോടെയാണ് പിന്മാറ്റം. സമരസമിതിക്കുള്ളിൽ രൂപം കൊണ്ട ഭിന്നിപ്പിൽ ഭൂരിഭാഗം റേഷൻ വ്യാപാരികളും അതൃപ്തരാണ്.
അതേസമയം അഞ്ച് ദിവസത്തിനകം വെട്ടിക്കുറച്ച 51 ശതമാനം കമീഷനും തിരിച്ചുനൽകാത്തപക്ഷം 30ന് വീണ്ടും യോഗം ചേർന്ന് ഭാവി സമരപരിപാടികൾ ആലോചിക്കാനും വെള്ളിയാഴ്ച ചേർന്ന യോഗം തീരുമാനിച്ചു. ഒക്ടോബറിലെ കമീഷൻ അടിയന്തരമായി വിതരണം ചെയ്യുമെന്നും ഇതിനായി 14 കോടി അനുവദിച്ചതായും വ്യാഴാഴ്ച നടന്ന ചർച്ചയിൽ മന്ത്രി ജി.ആർ. അനിൽ സംഘടനാനേതാക്കളെ അറിയിച്ചിരുന്നു. എന്നാൽ രേഖാമൂലം ഉറപ്പ് ലഭിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് ആദ്യം സ്വീകരിച്ചത്.
ഉത്തരവ് രേഖാമൂലം വേണമെന്ന ആവശ്യം മാത്രം മുൻനിർത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കാനില്ലെന്ന് കെ.ആർ.ഇ.യു (എ.ഐ.ടി.യു.സി), കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ) എന്നിവ നിലപാട് എടുത്തതോടെയാണ് സമരപ്രഖ്യാപനത്തിൽ നിന്ന് പിന്നാക്കം പോകാൻ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കെ.ആർ.ഇ.യു (സി.ഐ.ടി.യു) എന്നീ സംഘടനകൾ നിർബന്ധിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.