വിഴിഞ്ഞത്ത് സമരം തുടരും; ഏഴിൽ അഞ്ച് ആവശ്യങ്ങൾ അംഗീകരിച്ചു
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തിലടക്കം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സർക്കാർ നടത്തിയ ചർച്ച അനുനയത്തിലേക്ക്. സമരക്കാർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചും സർക്കാർ അംഗീകരിച്ചു.
തുറമുഖ നിർമാണം നിർത്തിവെച്ച് സാമൂഹികാഘാത പഠനം നടത്തുക, മണ്ണെണ്ണ വില വർധന പിൻവലിക്കുക എന്നീ വിഷയങ്ങളിൽ മുഖ്യമന്ത്രിയുമായുള്ള ചർച്ചക്കും മന്ത്രി ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ നടന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രതിനിധികളുമായുള്ള ചർച്ചയിൽ ധാരണയായി. അതേസമയം, ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുംവരെ സമരം തുടരാനാണ് ലത്തീൻ അതിരൂപയുടെ തീരുമാനം. തീയതി നിശ്ചയിച്ചില്ലെങ്കിലും മുഖ്യമന്ത്രിയുമായി ഒരാഴ്ചക്കുള്ളിൽ ചർച്ച നടക്കും.
മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളോട് അനുകൂല നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും തുറന്ന മനസ്സോടെയാണ് തങ്ങളെ കേട്ടതെന്നും ചർച്ച തൃപ്തികരമായിരുന്നെന്നും ഫാ. യൂജിൻ പെരേര പറഞ്ഞു. സംസ്ഥാന സർക്കാറിന് കഴിയുന്ന കാര്യങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്നും പുനരധിവാസം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി വി. അബ്ദുറഹിമാൻ ചർച്ചക്കുശേഷം വ്യക്തമാക്കി.
ധാരണയിലെത്തിയ ആവശ്യങ്ങൾ
ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ ഓണത്തിന് മുമ്പ് വാടക വീടുകളിലേക്ക് മാറ്റും. ഭൂമിയും വീടുമില്ലാത്തവരെ സ്ഥിരമായി പാർപ്പിക്കാനുള്ള സൗകര്യം എത്രയും വേഗം ഒരുക്കും. മുട്ടത്തറയിൽ ഇതിനകം 17.5 ഏക്കർ അനുവദിച്ചിട്ടുണ്ട്. ഫണ്ടില്ലാത്തതല്ല, ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രതിബന്ധങ്ങളാണ് പ്രശ്നം. ഇക്കാര്യങ്ങളടക്കം വേഗത്തിലാക്കാൻ 22ന് മന്ത്രിമാർ യോഗം ചേരും. തീരശോഷണം ബാധിച്ച മേഖലകളിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കും.
മുതലപ്പൊഴിയിലെ അപകടങ്ങൾക്കും പരിഹാരം കാണും. മത്സ്യത്തൊഴിലാളികളുമായി സഹകരിച്ച് ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ നടത്തും. സമിതിയുടെ ശിപാർശകൾ ഗൗരവത്തോടെ പരിഗണിക്കും. കാലാവസ്ഥ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് കടലിൽ പോകാനാകാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം ഉറപ്പുവരുത്തും.
ധാരണയിലെത്താത്ത ആവശ്യങ്ങൾ
വിഴിഞ്ഞം തുറമുഖം നിർമാണം നിർത്തിവെച്ച് പഠനം നടത്തണമെന്നതിൽ തീരുമാനമായില്ല. തുറമുഖവുമായി ബന്ധപ്പെട്ട നിലവിലെ ആഘാതങ്ങൾ, പ്രശ്നങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ, തീരശോഷണം, മത്സ്യസമ്പത്ത് കുറയൽ എന്നീ വിഷയങ്ങൾ ഗൗരവത്തോടെ കേട്ട മന്ത്രി ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യാമെന്ന നിർദേശം മുന്നോട്ടുവെച്ചു.
മണ്ണെണ്ണ സബ്സിഡിയിൽ അധിക സാമ്പത്തിക ബാധ്യതയുള്ളതുകൊണ്ട് മന്ത്രിസഭ ചർച്ചചെയ്യണം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇക്കാര്യവും ചർച്ച ചെയ്യാമെന്ന നിർദേശം പ്രതിനിധികൾ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.