സമരം കടുപ്പിച്ച് യാക്കോബായ സഭ; സർക്കാറിനും ഓർത്തഡോക്സ് സഭക്കും തലവേദനയാകും
text_fieldsകോലഞ്ചേരി (എറണാകുളം): നിർത്തിവെച്ച സമരങ്ങൾ പുനരാംരംഭിച്ച യാക്കോബായ സഭയുടെ തീരുമാനം സർക്കാറിനും ഓർത്തഡോക്സ് സഭക്കും തലവേദന സൃഷ്ടിക്കും. പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി തലത്തിൽ നടത്തിയ ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് സമരം പുനരാരംഭിക്കാൻ യാക്കോബായ നേതൃത്വം തീരുമാനിച്ചത്.
ഇതോടൊപ്പം കോതമംഗലം പള്ളിക്ക് വേണ്ടിയുള്ള അവകാശവാദം ഓർത്തഡോക്സ് വിഭാഗം കർശനമാക്കിയതും അപ്രതീക്ഷിതമായി മുടവൂർ പള്ളി പിടിച്ചെടുത്തതും യാക്കോബായ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ച് ഇതിനോടകം 52 പള്ളികളാണ് യാക്കോബായ സഭക്ക് നഷ്ടമായത്.
ഇതെല്ലാം തന്നെ സഭക്ക് ഭൂരിപക്ഷമുള്ളതായിരുന്നു. നേരത്തെ ശവസംസ്കാരത്തിന് പോലും കഴിയാത്ത രീതിയിൽ വിശ്വാസികൾ പ്രതിസന്ധിയിലായിരുന്ന ഘട്ടത്തിലാണ് തോമസ് മാർ അലക്സാന്ത്രയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വിശ്വാസികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരമാരംഭിച്ചത്. ഇതിനെ തുടർന്ന് സർക്കാർ പാസാക്കിയ സെമിത്തേരി ബിൽ യാക്കോബായ വിഭാഗത്തിന് വലിയ ആശ്വാസമായിരുന്നു. ഇതു കൊണ്ട് തന്നെ ഇത്തവണത്തെയും സമരനേതൃത്വം അലക്സാന്ത്രയോസ് മെത്രാപ്പോലീത്തയെയാണ് സഭ ഏൽപ്പിച്ചത്.
സമരത്തിൻെറ ഭാഗമായി പള്ളികൾ കേന്ദ്രീകരിച്ച് റിലേ സത്യാഗ്രഹങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 13ന് ഓർത്തഡോ ക് സ് വിഭാഗം പിടിച്ചെടുത്ത മുഴുവൻ പള്ളികളിലും യാക്കോബായ വിഭാഗമെത്തി ആരാധന നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
15ന് വയനാട്ടുനിന്ന് അവകാശ സംരക്ഷണ ജാഥയും തുടർന്ന് സെക്രട്ടറിയേറ്റ് നടക്കൽ മെത്രാപ്പോലീത്തമാരുടെയും വൈദീകരുടെയും അനിശ്ചിതകാല സമരവുമാണ് നടക്കുന്നത്. സർക്കാരിൽ സമ്മർദ്ദം ചെലുത്തി നിയമ നിർമാണമാണ് യാക്കോബായ വിഭാഗം ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ സമരം ശക്തമായാൽ അത് സർക്കാറിനും ഓർത്തഡോക്സ് പക്ഷത്തിനും ഒരേപോലെ തലവേദന സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.