കെ.എസ്.ആർ.ടി.സി ബസ് തട്ടി സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ വിദ്യാർഥി അതേ ബസ് കയറി മരിച്ചു
text_fieldsപാപ്പിനിശ്ശേരി: ദേശീയ പാതയിൽ പാപ്പിനിശ്ശേരി എൽ.പി സ്കൂളിന് സമീപം സ്കൂട്ടർ അപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊളച്ചേരി ചേലേരി സ്വദേശിയും കല്യാശ്ശേരി മോഡൽ പോളിടെക്നിക് വിദ്യാർഥിയുമായ പി. ആകാശ് (20) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 9.15 നാണ് അപകടം. ചേലേരിയിൽ നിന്നു സ്കൂട്ടറിൽ കല്യാശ്ശേരി പോളിടെക്നിക് കോളജിലേക്ക് വരുന്ന വഴി വേളാപുരം സർവിസ് റോഡ് കവലയിലാണ് അപകടം. സർവിസ് റോഡിലേക്ക് കയറുന്നതിനിടയിൽ പിന്നിൽ നിന്നുവന്ന ബസിന് കടന്നുപോകാൻ സൈഡ് കൊടുക്കുമ്പോൾ ഡിവൈഡറിന് സമീപത്തെ മൺകൂനയിൽ കയറി സ്കൂട്ടർ നിയന്ത്രണം വിട്ടു. ഈ സമയം തൊട്ടുപിന്നിൽ വന്ന പയ്യന്നൂർ ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് തട്ടി ആകാശ് റോഡിലേക്കും സ്കൂട്ടർ മറുഭാഗത്തേക്കും വീണു.
അതിനിടയിൽ ബസിന്റെ പിൻചക്രം ആകാശിന്റെ ശരീരത്തിൽ കയറി. റോഡിൽ 15 മിനിറ്റോളം കിടന്നതിനുശേഷമാണ് വഴി യാത്രക്കാർ ചേർന്ന് സമീപത്തെ പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. കല്യാശ്ശേരി പോളിയിലെ ബയോ മെഡിക്കൽ എൻജിനീയറിങ് ഒന്നാം വർഷ വിദ്യാർഥിയാണ്. സംഭവത്തിൽ കേസെടുത്ത വളപട്ടണം പൊലീസ് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
വിഹാറിലെ പരേതനായ മധുസൂദനന്റെ ഏക മകനാണ് ആകാശ്. മാതാവ്: പി. സവിത. മൃതദേഹം വെള്ളിയാഴ്ച രാവിലെ 9.30ന് കല്യാശ്ശേരി മോഡൽ പോളിടെക്നിക് കോളജിൽ പൊതുദർശനത്തിനുശേഷം 10.30ന് വീട്ടിലെത്തിക്കും. സംസ്കാരം 11.30ന് കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.