അധ്യാപകൻ മാനസികമായി പീഡിപ്പിച്ചെന്ന്; വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsകോഴിക്കോട്: കായികാധ്യാപകൻ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഈസ്റ്റ് ഹിൽ ഫിസിക്കൽ എജുക്കേഷൻ കോളജിലെ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്റഗ്രേറ്റഡ് രണ്ടാംവര്‍ഷ വിദ്യാർഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി 11.30ഓടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച വിദ്യാർഥികൾ പഠിപ്പുമുടക്കി പ്രതിഷേധിച്ചത് സംഘർഷത്തിനിടയാക്കി.
ആരോപണവിധേയനായ അധ്യാപകനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചു. സംഭവത്തിൽ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 10 മണിയോടെ കോളജ് കാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാർഥികൾ ഓഫിസ് ഉപരോധിച്ചു. പ്രതിഷേധം രണ്ടുമണിക്കൂറോളം നീണ്ടു.
രോഗം മൂലം അവധിക്ക് അപേക്ഷിച്ച വിദ്യാർഥിക്ക് അധ്യാപകന് അവധി നിഷേധിക്കുകയും കറങ്ങി നടക്കാന്‍ അവധി നൽകാനാവില്ലെന്ന് പറഞ്ഞ് ശാസിക്കുകയുമായിരുന്നുവത്രെ. കുട്ടിയെ സസ്പെന്‍ഡ് ചെയ്യുമെന്ന് കുടുംബത്തെ അറിയിച്ചു. അമ്മയെയും സഹോദരിയെയും കോളജില്‍ വിളിച്ചുവരുത്തിയതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. ഹോസ്റ്റൽ മുറിയില്‍നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് സഹപാഠികള്‍ കതക് ചവിട്ടിപ്പൊളിച്ച് വിദ്യാർഥിയെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രതിഷേധിച്ച വിദ്യാർഥികളുമായി അധികൃതർ ചർച്ച നടത്തി.
ആരോപണവിധേയനായ അധ്യാപകനെ താൽക്കാലികമായി മാറ്റിനിർത്താനും അഞ്ചംഗ അന്വേഷണ കമീഷനെ നിയമിച്ച് സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിക്കാനും തീരുമാനിച്ചതായി പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് ഡോ. എസ്.ജെ. ഷാബു അറിയിച്ചു. യൂനിയൻ ചെയർമാനും ക്ലാസിലെ പി.ടി.എ പ്രതിനിധിയും മൂന്ന് അധ്യാപകരും അടങ്ങുന്ന സംഘമാണ് അന്വേഷിക്കുക. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് പ്രകാരമായിരിക്കും അധ്യാപകനെതിരെ നടപടിയെടുക്കണമോയെന്ന് തീരുമാനിക്കുക.
താൽക്കാലികമായി സമരം പിൻവലിക്കുകയാണെന്നും അന്വേഷണം നിഷ്പക്ഷമല്ലെങ്കിൽ സമരം തുടരുമെന്നും വിദ്യാർഥികൾ അറിയിച്ചു. ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിയുടെ മാതാവും സഹോദരിയും കോളജിലെത്തി പ്രിൻസിപ്പലുമായി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.