'എല്ലാവരും നോക്കുന്നുണ്ട്, നീ ഖുർആൻ ഓതിക്കോ... ഞാൻ അവനുമായി വന്നേക്കാം...'; അൽ അമാനെ കാത്ത് കണ്ണീരോടെ തീരം
text_fieldsകൊച്ചി: 'എല്ലാവരും നോക്കുന്നുണ്ട്, കിട്ടും...കിട്ടും... നീ ഖുർആൻ ഓതിക്കോ... ഞാൻ അവനുമായി വന്നേക്കാം'. ആഞ്ഞടിക്കുന്ന തിരമാലകളെക്കാൾ ആർത്തിരമ്പുന്ന മനസ്സുമായി കടലിൽ കാണാതായ പ്രിയമകനെ തീരത്ത് കാത്തിരുന്ന്, വീട്ടിൽനിന്നെത്തിയ ഫോൺകോളിന് മറുപടി പറയുകയാണ് പിതാവ് റിയാസ്. 'പേടിയാണ് അവന്, കടലിൽ അങ്ങനെ അവൻ ഇറങ്ങില്ലല്ലോ...' നിസ്സഹായനായി നിൽക്കുമ്പോൾ വിറയാർന്ന ചുണ്ടുകളുമായി സ്വയം സംസാരിക്കുകയാണ് അദ്ദേഹം.
ഞായറാഴ്ച രാവിലെയാണ് ഫോർട്ട്കൊച്ചി സീലാട്ട്പറമ്പ് വീട്ടിൽ റിയാസിെൻറ മകൻ അൽ അമാനെ (12) തിരയിൽപെട്ട് കാണാതായത്. സാന്ത്വന വാക്കുകളുമായി സുഹൃത്തുക്കളും നാട്ടുകാരും റിയാസിന് താങ്ങായുണ്ട്. എന്ത് ചെയ്യണമെന്നറിയാതെ തീരത്തേക്ക് ചെന്ന അദ്ദേഹം കരക്കടിഞ്ഞ മരക്കഷ്ണത്തിൽ ഇരുന്നു. ഇടക്കിടെ ഫോണിൽ മകെൻറ ഫോട്ടോയെടുത്ത് നോക്കും, എന്തൊക്കെയോ പറഞ്ഞ് ഫോണിൽ വീണ്ടും വീണ്ടും ഉമ്മവെക്കും. തിരകൾക്കിടയിൽ എവിടേക്കോ മറഞ്ഞ അവൻ തിരിച്ചെത്തുമെന്ന വിശ്വാസവുമായി പ്രാർഥനയിൽ മുഴുകിയിരിക്കുന്ന പിതാവിെൻറ മുഖം കൂടിനിന്നവരുടെ ഹൃദയം ഉലക്കുന്ന കാഴ്ചയായി.
മട്ടാഞ്ചേരി ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയയിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അമാൻ. രാവിലെ ആറുമണിയോടെയാണ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ അൽ അമാനെ കടലിൽ കാണാതായത്. തിരയിൽപെട്ട നാല് കുട്ടികളിൽ മൂന്നുപേരെയും രക്ഷിച്ചത് പട്ടാളം പുത്തൻവീട്ടിൽ തോമസ് രഞ്ജിത്താണ്. ഇദ്ദേഹത്തിെൻറ കൃത്യസമയത്തെ ഇടപെടലാണ് മൂന്ന് ജീവനുകളെ രക്ഷിക്കാൻ സഹായകമായത്. തിരച്ചിലിന് പ്രധാനമായി നേതൃത്വം നൽകിയത് നാട്ടുകാരായിരുന്നു. നേവിയുടെയും കോസ്റ്റ്ഗാഡിെൻറയും സഹായം അഭ്യർഥിച്ചിട്ടും ലഭിക്കാതെവന്നത് വിമർശനത്തിനിടയാക്കി.
കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയയും വിവരമറിഞ്ഞ് സ്ഥലത്തെത്തി. മതിയായ സുരക്ഷ സംവിധാനങ്ങൾ ഇവിടെയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഞായറാഴ്ച ദിവസം രാവിലെ 5.30 മുതൽ ഇവിെട ലൈഫ് ഗാർഡ് നിരീക്ഷണം വേണമെന്ന് മട്ടാഞ്ചേരി ജനകീയ സമിതി കൺവീനർ എ. ജലാൽ ആവശ്യപ്പെട്ടു.
സുരക്ഷ സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്നത് ബീച്ചിെൻറ മറ്റൊരു ഭാഗത്താണ്. അതിനാൽ ആരെങ്കിലും തിരയിൽപെട്ടാൽ വേഗം രക്ഷപ്പെടുത്താൻ കഴിയാതെവരുന്നു. ഈ സാഹചര്യത്തിന് മാറ്റംവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.