ഉൾവസ്ത്രമഴിപ്പിച്ച് പരിശോധന വിവാദം: വിദ്യാർഥിനികൾ വീണ്ടും പരീക്ഷയെഴുതി
text_fieldsകൊല്ലം: വിദ്യാർഥിനികളുടെ ഉൾവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയത് വിവാദമായതിനെത്തുടർന്ന് വിവാദമായ പരീക്ഷ വീണ്ടും നടത്തി. ബുധനാഴ്ച നീറ്റ് ഫലം വരാനിരിക്കെയാണ് പരിശോധന വിവാദം നടന്ന സെന്‍ററിലെ വിദ്യാർഥിനികൾക്കായി മാത്രം വീണ്ടും പരീക്ഷ നടത്തിയത്.
ജൂലൈ 17ന് ആയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിൽ നീറ്റ് പരീക്ഷയെഴുതിയ പെൺകുട്ടികൾക്കായി ഞായറാഴ്ച കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലായിരുന്നു പുനഃപരീക്ഷ. നൂറിൽതാഴെ പേരാണ് പരീക്ഷക്കെത്തിയത്. 360 കുട്ടികൾ രജിസ്റ്റർ ചെയ്തിരുന്നു. പൊലീസിന് പരാതി നൽകിയ പെൺകുട്ടികളിൽ ഏതാനും പേരെ പുനഃപരീക്ഷക്കെത്തിയുള്ളൂ.
അപ്രതീക്ഷിതമായി കഴിഞ്ഞ ആഴ്ചയാണ് പുനഃപരീക്ഷ സംബന്ധിച്ച അറിയിപ്പ് വിദ്യാർഥിനികൾക്ക് ലഭിച്ചത്. പരാതിക്കാർ ഉൾപ്പെടെ പലരും അടുത്തവർഷം നീറ്റ് എഴുതുന്നതിനുള്ള പരിശീലനത്തിനും മറ്റ് കോഴ്സുകൾക്കും ചേർന്നിരുന്നു. ഇത് കുട്ടികൾ വിട്ടുനിൽക്കുന്നതിന് കാരണമായി.
സുരക്ഷ പരിശോധനയുടെ പേരിൽ ഉൾവസ്ത്രം അഴിപ്പിച്ചതിൽ വിദ്യാർഥിനികൾ പൊലീസിൽ പരാതി നൽകിയതോടെ വലിയ വിവാദമാവുകയായിരുന്നു. സംഭവം അന്വേഷിക്കാൻ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നിയോഗിച്ച വിദഗ്ധസമിതി പുനഃപരീക്ഷ നടത്തണമെന്ന് നൽകിയ റിപ്പോർട്ട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അംഗീകരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.