അപരൻ അപാരത; സുധീരനെ തോൽപ്പിച്ച സുധീരൻ
text_fieldsമാരാരിക്കുളം (ആലപ്പുഴ): അപരെൻറ 'അപഹാരം' ഇത്രയേറെ ബാധിച്ച ഒരു ബാലറ്റ് യുദ്ധവും മണ്ഡലവും വേറെയുണ്ടോ എന്ന് സംശയം. കോൺഗ്രസ് േനതാവ് വി.എം. സുധീരനെ 'ഒടിവെച്ച്' വീഴ്ത്തിയെന്ന് മാത്രമല്ല, അദ്ദേഹത്തിെൻറ റെക്കോഡ് യാത്രക്ക് ബ്രേക്ക് ഇടുകയും ചെയ്തു ഇവിടെയൊരു സുധീരൻ. മുഹമ്മ കല്ലാപ്പുറം സ്വദേശി വി.എസ്. സുധീരൻ എന്ന അപരൻ അന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്നു.
2004ലാണ് സുധീരെൻറ പടയോട്ടം തടുക്കുന്നതിൽ അപരൻ 'വിജയി'ച്ചത്. കോൺഗ്രസിലെ അതികായനായ വി.എം. സുധീരൻ ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ ആദ്യമായി പരാജയം രുചിച്ചത് കേവലം 1009 വോട്ടിന്. അപരൻ വി.എസ്. സുധീരൻ നേടിയതാകട്ടെ 8332 വോട്ടും. തപാൽ വോട്ടുകളടക്കം അപരൻ പെട്ടിയിലാക്കി. സുധീരൻ പരാജയപ്പെടുമെന്ന് സ്വപ്നത്തിൽപോലും കാണാതിരുന്ന കോൺഗ്രസ് പ്രവർത്തകരെ കരയിച്ചാണ് അപരൻ കേറിത്തിളങ്ങിയത്. ജയത്തിെൻറ തൊപ്പിമാത്രം അണിഞ്ഞിരുന്ന സുധീരന് ഈ തോൽവിയോടെ കേന്ദ്രമന്ത്രി സാധ്യത കൂടിയാണ് നഷ്ടമായത്.
പുത്തനങ്ങാടിയിലെ കയർ കമ്പനിയായ ആലപ്പി ഷിയറിങ് ഫാക്ടറിയിലെ തൊഴിലാളിയായ വി.എസ്. സുധീരന് തെൻറ സ്ഥാനാർഥിത്വത്തെക്കുറിച്ച് വേറിട്ടതും വ്യക്തവുമായ കാഴ്ചപ്പാടാണുള്ളത്. പാർട്ടി അനുഭാവികളായ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധത്തിലാണ് താൻ മത്സരിച്ചത്. ഇത്രയും വോട്ട് നേടുകയും വി.എം. സുധീരൻ തോൽക്കുകയും ചെയ്തതിൽ കുറ്റബോധമില്ലെന്ന് വി.എസ്. സുധീരൻ പറയുന്നു. അന്ന് താൻ സജീവ രാഷ്ട്രീയത്തിൽ ഇല്ലായിരുന്നു. ആരും പത്രിക പിൻവലിക്കാനോ ഭീഷണിപ്പെടുത്താനോ വന്നിട്ടില്ല. തനിക്ക് വി.എം. സുധീരൻ എന്ന നേതാവിനോട് തികഞ്ഞ ബഹുമാനമാണ്. വോട്ടെണ്ണൽ കേന്ദ്രത്തിൽ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. പരിചയപ്പെട്ടപ്പോൾ കുശലാന്വേഷണം നടത്തി.
അന്ന് അടുത്ത ബന്ധു മരിച്ചതിനാൽ വോട്ട് എണ്ണിത്തീരും മുമ്പ് വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്ന് പോകേണ്ടി വന്നു. അപരൻ എന്ന ആശയം കേരളത്തിൽ കൊണ്ടുവന്നത് കോൺഗ്രസ് ആണെന്നാണ് വി.എസ്. സുധീരെൻറ ആരോപണം.
തൃശൂരിൽ മത്സരിച്ച ഡി.വൈ.എഫ്.ഐ നേതാവായിരുന്ന സി.പി.എം സ്ഥാനാർഥി ടി. ശശിധരന് എതിരെ ശശിധരൻ എന്ന പേരിൽ അപരൻ മത്സരിച്ചിരുന്നു.
ശശിധരെൻറ തോൽവിയിലാണ് ഇത് കലാശിച്ചത്. അന്ന് ഡി.വൈ.എഫ്.ഐയിൽ സജീവമായിരുന്ന തനിക്ക് ഏറെ മനോവിഷമം ഉണ്ടാക്കിയ ഒന്നായിരുന്നു അത്. തെൻറ സ്ഥാനാർഥിത്വത്തിന് അതും കാരണമായി. ഇപ്പോൾ സി.പി.എം അംഗമായ വി.എസ്. സുധീരൻ കയർ ഫാക്ടറിയിലെ സി.ഐ.ടി.യു യൂനിയൻ കൺവീനറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.