വേനൽചൂട് കനക്കുന്നു; താപനില ഏറ്റവും കൂടിയ ജില്ല കോട്ടയം
text_fieldsകോട്ടയം: കാലാവസ്ഥ വകുപ്പ് സ്ഥിരമായി നൽകുന്ന കണക്കുകൾ പ്രകാരം കോട്ടയത്താണ് ഏറ്റവും കൂടിയ പകൽ താപനില. തുടർച്ചയായി രണ്ടാം ദിവസവും ഏറ്റവും ഉയർന്ന ചൂടാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. 38.5°സെൽഷ്യസാണ് കോട്ടയത്തെ താപനില. ഇത് സാധാരണ താപനിലയെക്കാൾ 4°സെൽഷ്യസ് കൂടുതലാണ്. സീസണിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട് കൂടിയാണിത്. ഫെബ്രുവരി 16ന് കണ്ണൂർ എയർപോർട്ടിൽ ഇതേ താപനില രേഖപ്പെടുത്തിയിരുന്നു. കണ്ണൂർ എയർപോർട്ടിൽ ഇന്നലെ 38.3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു. ആലപ്പുഴയിൽ തുടർച്ചയായ ഏഴാമത്തെ ദിവസവും സാധാരണയിലും മൂന്ന് ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനില രേഖപെടുത്തി.
പത്തനംതിട്ട, കണ്ണൂർ, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ശരാശരി ഉയർന്ന താപനില രേഖപെടുത്തിയത്. എന്നാൽ പാലക്കാടിൽ തുടർച്ചയായി രണ്ടാം ദിവസവും സാധാരണയിൽ കുറവ് താപനിലയാണ് രേഖപ്പെടുത്തിയത്. താപനില രാത്രിയിലും കുറയാത്തത് വലിയ തോതിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പലയിടത്തും രാത്രിയിലും താപനില 27 - 30 ഡിഗ്രി സെൽഷ്യസിന് ഇടയിലാണ്.
അതേസമയം, 2024 ഫെബ്രുവരി 29 വരെ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°സെൽഷ്യസ് വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°സെൽഷ്യസ് വരെയും, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.