വേനൽ ചൂട് കഠിനം; പാലുൽപാദനം ഗണ്യമായി കുറഞ്ഞു
text_fieldsതിരുവനന്തപുരം: വേനൽ ചൂട് കഠിനമായതോടെ പശുക്കളിലെ പാലുൽപാദനം ഗണ്യമായി കുറഞ്ഞു. പ്രതിദിനം 1.5 ലക്ഷം ലിറ്ററോളം പാൽ കർണാടകയിൽനിന്ന് എത്തിക്കുകയാണിപ്പോൾ. തിരുവനന്തപുരം മേഖലയിലേക്ക് മാത്രം ലക്ഷം ലിറ്ററോളം പാലാണ് പ്രതിദിനം മിൽമ വാങ്ങുന്നത്. കഴിഞ്ഞ വേനൽക്കാലത്ത് 40,000 ലിറ്റർ പാൽ മാത്രമാണ് എത്തിച്ചിരുന്നത്. തിരുവനന്തപുരം മേഖലയിൽ വിൽപനക്ക് കുറവ് വരുന്ന പാൽ മലബാർ മേഖലയിൽ നിന്നാണ് മുമ്പ് കൊണ്ടുവന്നിരുന്നത്.
അവിടെയും ഉൽപാദനം കുറഞ്ഞതോടെയാണ് കർണാടകയിലെ ഫെഡറേഷനായ നന്ദിനിയിൽനിന്ന് പാൽ എത്തിക്കുന്നത്. ചൂടിന്റെ കാഠിന്യം വർധിച്ചതാണ് പാലുൽപാദനം കുറയാൻ കാരണമെന്നാണ് കർഷകർ പറയുന്നത്. ഒപ്പം പച്ചപ്പുല്ലിന്റെ കടുത്തക്ഷാമവും ചർമമുഴരോഗവും പ്രതിസന്ധി വർധിപ്പിക്കുന്നു. കൂടിയ താപനില സങ്കരയിനം കന്നുകാലികളിൽ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഈ സ്ഥിതി തുടർന്നാൽ കൂടുതൽ പാൽ എത്തിക്കേണ്ടിവരുമെന്നാണ് സൂചന. സംസ്ഥാനത്ത് പ്രതിദിനം 14.5 ലക്ഷം ലിറ്റർ പാലാണ് മിൽമ വിൽക്കുന്നത്.
തിരുവനന്തപുരം, എറണാകുളം മേഖലയിലെ സംഘങ്ങളിൽ പാൽവരവ് കുറഞ്ഞതോടെ കർണാടകയിൽനിന്ന് എത്തിക്കുന്ന പാലാണ് കുറവ് നികത്തുന്നത്.മലബാർ മേഖലയിൽ ലഭിക്കുന്ന പാൽ അവിടത്തെ വിൽപനക്കേ തികയുന്നുള്ളൂ. റമദാൻ കാലമായതിനാൽ പാലിന്റെ ഉപഭോഗം വർധിച്ചിട്ടുമുണ്ട്. വിഷുക്കാലം കൂടിയാകുമ്പോൾ സാധാരണയെക്കാൾ കൂടുതൽ ചെലവുണ്ടാകും. സംഘങ്ങളിൽ സംഭരിക്കുന്ന പാൽ പ്രാദേശികമായി വിൽക്കുന്നതോടെ മിൽമയിലേക്കുള്ള സംഭരണത്തിൽ കുറവ് വരാറുണ്ട് . ഇതോടെ കവർപാൽ തയാറാക്കാനായി മലബാറിലും പുറമേനിന്ന് പാൽ എത്തിക്കേണ്ട അവസ്ഥയുണ്ടായേക്കും.
തിരുവനന്തപുരം മേഖലയിൽ മാത്രം 4.75 ലക്ഷം ലിറ്റർ പാലാണ് മിൽമയുടെ പ്രതിദിന വിൽപന. അതിലാണ് ലക്ഷം ലിറ്ററിന്റെ കുറവുണ്ടായത്. 972 ക്ഷീരസഹകരണ സംഘങ്ങളിൽ നിന്നാണ് തിരുവനന്തപുരം മേഖലാ യൂനിയൻ പാൽ സംഭരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് തിരുവനന്തപുരം മേഖലാ യൂനിയനിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.