മലപ്പുറം ജില്ല ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെ സുപ്രീംകോടതി വിമർശിച്ചു
text_fieldsന്യൂഡല്‍ഹി: യു.ഡി.എഫ് നിയന്ത്രണത്തിലുള്ള മലപ്പുറം ജില്ല സഹകരണ ബാങ്കിനെ സി.പി.എം നിയന്ത്രണത്തിലുള്ള കേരള ബാങ്കില്‍ ലയിപ്പിച്ച സംസ്ഥാന സർക്കാർ നടപടിയെ സുപ്രീംകോടതി വിമർശിച്ചു. സർക്കാർ നടപടി സഹകരണ ആശയത്തിന് എതിരാണെന്നും ഈ രീതിയില്‍ ലയനം നടത്താന്‍ സര്‍ക്കാറിന് അധികാരമില്ലെന്നും കോടതി പറഞ്ഞു. ലയന നടപടികള്‍ മരവിപ്പിക്കാൻ മലപ്പുറം ജില്ല ബാങ്കിന് ഹൈകോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
അതേസമയം ജില്ല ബാങ്ക് സമർപ്പിച്ച ഹരജിയിൽ കേരള സർക്കാറിന്റെ വിവാദ ഉത്തരവ് ചോദ്യം ചെയ്യാത്തതിനാൽ സുപ്രീംകോടതിക്ക് വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന നിസ്സഹായത പ്രകടിപ്പിച്ച് ഹരജി ബെഞ്ച് തള്ളുകയും ചെയ്തു.കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച നടപടികള്‍ക്കെതിരെ ഹൈകോടതിയെ സമീപിക്കാനും ഹരജിക്കാർക്ക് സുപ്രീംകോടതി അനുമതി നൽകി.
നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മലപ്പുറം ജില്ല സഹകരണ ബാങ്ക് പ്രസിഡന്റും എം.എല്‍.എയുമായ യു.എ. ലത്തീഫ്, വൈസ് പ്രസിഡന്റ് പി.ടി. അജയ് മോഹന്‍ എന്നിവർ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ആവശ്യവുമായി സമർപ്പിച്ച ഹരജി കേരള ഹൈകോടതി തള്ളിയതിനെ തുടർന്നായിരുന്നു ഇത്.
സഹകരണ നിയമത്തില്‍ കൊണ്ടുവന്ന 74 എച്ച് ഭേദഗതി ഉപയോഗിച്ചാണ് മലപ്പുറം ജില്ല ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഏകപക്ഷീയവും, നിയമവിരുദ്ധവുമായ ഭേദഗതിയിലൂടെ സൊസൈറ്റികളുടെ ജനാധിപത്യ അവകാശങ്ങള്‍ സര്‍ക്കാര്‍ കവരുകയാണെന്നും ഹരജിക്കാരുടെ അഭിഭാഷകൻ ദുഷ്യന്ത് ദവെ ബോധിപ്പിച്ചു.
സഹകരണ ബാങ്കുകളുടെ നിയന്ത്രണത്തിന് റിസര്‍വ് ബാങ്ക് കൊണ്ട് വന്ന വിജ്ഞാപനം കോടതിയിൽ ചോദ്യം ചെയ്ത കേരളം ജനാധിപത്യത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള സഹകരണ സ്ഥാപനങ്ങള്‍ക്കു നേരെ നീങ്ങുന്നതിലെ വിരോധാഭാസം ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി.
ഈ വാദം അംഗീകരിച്ച ജസ്റ്റിസ് ദിനേശ് മഹേശ്വരി ഈ ഭേദഗതി പ്രകാരം സഹകരണ രജിസ്ട്രാർ ഇറക്കിയ അന്തിമ ഉത്തരവ് ഹരജിയിൽ ചോദ്യം ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ലയനം നടത്തിയതിനോട് യോജിക്കുന്നില്ലെങ്കിലും അന്തിമ ഉത്തരവ് ചോദ്യം ചെയ്തിട്ടില്ലാത്തതിനാല്‍ ഈ ഘട്ടത്തില്‍ വിഷയത്തില്‍ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.