കൂടത്തായി കൊലപാതക കേസിൽ കുറ്റമുക്തയാക്കണമെന്ന ജോളിയുടെ ഹരജി സുപ്രീം കോടതി തള്ളി
text_fieldsകോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ കുറ്റമുക്തയാക്കണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി ജോളി സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. രണ്ടര വർഷമായി ജയിലിലാണെന്ന് ഹരജിയിൽ ചൂണ്ടിക്കാണിച്ച ജോളിക്ക് ജാമ്യാപേക്ഷ സമർപ്പിക്കാൻ കോടതി അനുമതി നൽകി. കേസിൽ തെളിവില്ലെന്നായിരുന്നു ജോളിയുടെ മുഖ്യവാദം. അഭിഭാഷകൻ സച്ചിൻ പവഹയാണ് അവർക്കായി ഹാജരായത്.
ബന്ധുക്കളായ ആറുപേരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ജോളി. ഭർത്താവ് റോയ് തോമസ് ഉൾപ്പെടെ കൂടത്തായി പൊന്നാമറ്റം തറവാട്ടിലെ ആറുപേരാണ് 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്. 2019ലാണ് കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്.
2002 ആഗസ്റ്റ് 22ന് റിട്ട. അധ്യാപികയും ജോളിയുടെ ഭർതൃ മാതാവുമായ അന്നമ്മ തോമസിന്റെ മരണമായിരുന്നു കൊലപാതക പരമ്പരയിൽ ആദ്യത്തേത്. ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പിന്നീട് ഇവരുടെ ഭർത്താവ് ടോം തോമസും മകനും ജോളിയുടെ ഭർത്താവുമായ റോയ് തോമസും സമാന രീതിയിൽ മരിച്ചു. പിന്നാലെ അന്നമ്മയുടെ സഹോദരൻ എം.എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു. ആറ് മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ റിപ്പോർട്ടാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറു മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.