അരിക്കൊമ്പൻ വിഷയത്തിൽ സർക്കാറിന് തിരിച്ചടി; ഹൈകോടതി വിധിക്കെതിരായ ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: ഇടുക്കി ചിന്നക്കനാലില്‍ നാശം വിതക്കുന്ന അരിക്കൊമ്പനെ മാറ്റാനുള്ള ഹൈകോടതി വിധിക്കെതിരായ ഹരജി സുപ്രീംകോടതി തള്ളി. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്നത് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ അടങ്ങുന്ന വിദഗ്ധ സമിതി തന്നെ ശിപാർശ ചെയ്തതിനാൽ ഇടപെടേണ്ട വിഷയമാണെന്ന് തോന്നുന്നില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്.
അരിക്കൊമ്പൻ വിഷയത്തിൽ ഹൈകോടതി ഇടപെടലിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. ഹൈകോടതി ഇടപെടൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹൈകോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
1971ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) വകുപ്പ് പ്രകാരം ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ നടപടിയെടുക്കാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്. ഈ അധികാരത്തിന്‍റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടിച്ച് കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. ഈ തീരുമാനത്തിൽ ഹൈകോടതി ഇടപെട്ടത് തെറ്റാണെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
ഇടുക്കി ചിന്നക്കനാലില്‍ അരിക്കൊമ്പൻ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ ഏഴു പേർ കൊല്ലപ്പെട്ടു. 2017ൽ മാത്രം 52 വീടുകളും കടകളും തകർത്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് റേഷൻ കടകളും 22 വീടുകളും ആറ് കടകളും തകർത്തു. എന്നാൽ, ഏഴു പേരെ കൊലപ്പെടുത്തിയത് പോലും കണക്കിലെടുക്കാൻ ഹൈകോടതി തയാറായില്ലെന്ന് അപ്പീലിൽ സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തി.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ അവകാശം പോലും ഹൈകോടതി കണക്കിലെടുത്തില്ല. എല്ലാ വനപ്രദേശത്തിന്‍റെയും 20 മുതൽ 30 കിലോമീറ്ററിനുള്ളിൽ ജനങ്ങൾ വസിക്കുന്നതിനാൽ മറ്റൊരു വനത്തിലേക്ക് അരിക്കൊമ്പനെ മാറ്റുന്നത് പ്രായോഗികമല്ലെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അരിക്കൊമ്പൻ കേസിൽ സുപ്രീംകോടതിയിൽ മൃഗസ്നേഹികളുടെ സംഘടന തടസഹരജിയും സമർപ്പിച്ചിട്ടുണ്ട്. ‘വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി’ എന്ന സംഘടനയാണ് അഭിഭാഷകൻ ജോൺ മാത്യു വഴി ഹരജി ഫയൽ ചെയ്തത്. ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകുന്ന ഹരജിയിൽ ഇടക്കാല ഉത്തരവ് നൽകുന്നതിന് മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്നാണ് ഇതിലെ ആവശ്യം. സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് സംഘടനക്കായി സുപ്രീംകോടതിയിൽ ഹാജരാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.