സുപ്രീംകോടതി വിധി എൻ.എസ്.എസ് നിലപാട് ശരിവെക്കുന്നത്, ജാതി സംവരണം അവസാനിപ്പിക്കണം -ജി. സുകുമാരൻ നായർ
text_fieldsകോട്ടയം: മുന്നാക്ക സംവരണത്തിന് അനുകൂലമായുള്ള സുപ്രീംകോടതി വിധി എൻ.എസ്.എസ് നിലപാട് ശരിവെക്കുന്നതാണെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സാമ്പത്തിക അടിസ്ഥാനത്തിൽ എല്ലാവർക്കും സംവരണമെന്നതാണ് എൻ.എസ്.എസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.
'ജാതി സംവരണം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ജാതിയുടെ പേരിൽ സംവരണം ലഭിക്കുന്നത് സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവർക്കാണ്. പാവപ്പെട്ടവർക്ക് ഒന്നും ലഭിക്കുന്നില്ല. നായർ സമുദായത്തിന് മാത്രമല്ല, മുഴുവൻ ജനങ്ങൾക്കും സംവരണം വേണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. സാമ്പത്തിക അടിസ്ഥാനത്തിലാകണം സംവരണം. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു. ഇത് സാമൂഹിക നീതിയുടെ വിജയമാണ്', സുകുമാരൻ നായർ പറഞ്ഞു.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയായിരുന്നു 2019ൽ കേന്ദ്ര സർക്കാർ ഭരണഘടനാ ഭേദഗതി നടത്തിയത്. എന്നാൽ, സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉൾപ്പെടെ പ്രത്യേക വകുപ്പുകൾ സൃഷ്ടിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്ന 103ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകർക്കുന്നതാണെന്നാണ് ഹരജിക്കാർ കോടതിയിൽ വാദിച്ചു. സെപ്റ്റംബർ 13 മുതൽ ആറര ദിവസം നീണ്ട വാദത്തിനൊടുവിലായിരുന്നു ഹരജികൾ വിധി പറയാൻ മാറ്റിയത്.
അഞ്ചംഗ ഭരണഘടന ബെഞ്ചിൽ ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവർ സംവരണത്തെ എതിർത്തപ്പോൾ ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഭേല എം. ത്രിവേദി, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവർ അനുകൂലിക്കുകയായിരുന്നു. ആകെ നാല് വിധി പ്രസ്താവങ്ങളാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.