സുപ്രീംകോടതി പരാമർശം സംസ്ഥാന സർക്കാറിന് തിരിച്ചടിയായേക്കും
text_fieldsമലപ്പുറം: മലപ്പുറം ജില്ല സഹകരണ ബാങ്കിനെ (എം.ഡി.സി ബാങ്ക്) കേരള ബാങ്കില്‍ ലയിപ്പിച്ച രീതി സഹകരണ ആശയത്തിന് എതിരാണെന്ന സുപ്രീംകോടതി പരാമർശം സംസ്ഥാന സർക്കാറിന് തിരിച്ചടിയായേക്കും. ഈ രീതിയിൽ ലയനം നടത്താൻ സർക്കാറിന് അധികാരമില്ലെന്ന കോടതിയുടെ വാക്കാലുള്ള നിരീക്ഷണം ഹൈകോടതിയിലടക്കം വരാനിരിക്കുന്ന നിയമ പോരാട്ടങ്ങളിൽ സർക്കാറിന് തലവേദനയാകും.
കേരള ബാങ്കിൽ ലയിക്കാതെ മാറിനിന്ന എം.ഡി.സി ബാങ്കിന്റെ ഭരണസമിതിയെ മറികടന്ന് കേരള ബാങ്കില്‍ ലയിപ്പിക്കാവുന്ന തരത്തിൽ 2021ല്‍ സഹകരണ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിയാണ് 74-എച്ച്. ഏതെങ്കിലുമൊരു ജില്ല സഹകരണ ബാങ്ക് സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) ലയന പ്രമേയം പാസാക്കിയില്ലെങ്കില്‍, സഹകരണ രജിസ്ട്രാര്‍ക്ക് ബാങ്കിന് കീഴിലുള്ള അംഗ സംഘങ്ങള്‍ക്ക് 15 ദിവസ കാലാവധിയില്‍ നോട്ടീസ് നല്കി ലയനം നടപ്പാക്കി ആസ്തി ബാധ്യതകള്‍ ലയിപ്പിക്കാമെന്നതാണ് 74-എച്ച് ഭേദഗതി.
സഹകരണ ബാങ്കിൽ കാര്യങ്ങൾ തീരുമാനിക്കാനുള്ള ഭരണസമിതിയുടെ അധികാരത്തെ മറികടക്കാൻ ഉദ്യോഗസ്ഥന് അവസരം നൽകുന്ന ഈ ഭേദഗതി സഹകരണ ആശയത്തിന് വിരുദ്ധമാണെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചിരിക്കുന്നത്.
ലയന നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹരജിക്കാർക്ക് ഹൈകോടതിയെ സമീപിക്കാൻ സുപ്രീംകോടതി അനുവാദം നൽകുകയും ചെയ്തതോടെ വിഷയം സങ്കീർണമാകാനാണ് സാധ്യത. ഹൈകോടതിയിൽ ഭേദഗതിയുടെ നിയമസാധുത ചോദ്യംചെയ്യപ്പെട്ടേക്കും.
74-എച്ച് ഭേദഗതി നല്കിയ അധികാരം ഉപയോഗിച്ച് 2022 ഡിസംബര്‍ 23ന് എം.ഡി.സി ബാങ്ക് ലയനം നടപ്പാക്കുകയാണെന്ന് കാണിച്ച് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് സംസ്ഥാന സഹകരണ രജിസ്ട്രാര്‍ നോട്ടീസ് നല്‍കിയിരുന്നു.
ഇതിനെതിരെ സംഘങ്ങള്‍ നല്കിയ ഹരജിയില്‍ വാദം കേള്‍ക്കുമെന്ന് ഹൈകോടതി പറഞ്ഞെങ്കിലും സര്‍ക്കാര്‍ നടപടിയില്‍ ഇടപെട്ടിരുന്നില്ല. ഈ അവസരം ഉപയോഗിച്ച് ഇക്കഴിഞ്ഞ ജനുവരി 12ന് ലയനം നടപ്പാക്കി രജിസ്ട്രാര്‍ അന്തിമവിധി പുറപ്പെടുവിച്ചു. ഇപ്പോൾ കേരള ബാങ്കിന്റെ ഭാഗമായാണ് എം.ഡി.സി ബാങ്ക് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.