കല്ലിടൽ നിബന്ധനയല്ലെന്ന് സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ട്
text_fieldsതിരുവനന്തപുരം: സാമൂഹികാഘാത പഠനത്തിന് കല്ലിടൽ വേണമെന്ന കെ-റെയിൽ ശാഠ്യത്തിന് കേരള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ട് പരാമർശങ്ങൾ തലവേദനയാകും. പദ്ധതിക്കുള്ള ഭൂമി സര്‍വേക്ക് അതിരുകല്ല് സ്ഥാപിക്കണമെന്ന് ആക്ടില്‍ പരാമര്‍ശമില്ല. ഭൂമി അടയാളപ്പെടുത്തി എന്തെങ്കിലും മാര്‍ക്കിങ് വേണമെന്ന് മാത്രം നിയമത്തില്‍ പറയവേയാണ് ഭൂമിയേറ്റെടുക്കലിന്റെ പ്രതീതി സൃഷ്ടിച്ചുള്ള കല്ലിടൽ. സാമൂഹികാഘാത പഠനം നടത്താന്‍ സര്‍വേ കല്ല് സ്ഥാപിക്കണമെന്നാണ് കെ-റെയിൽ വാദം. ദേശീയപാത വികസനത്തിനടക്കം ഇത്തരമൊരു നിബന്ധനയില്ലെന്നിരിക്കെയാണ് ബലം പ്രയോഗിച്ചുള്ള കല്ലിടൽ ശ്രമം.
ഏത് പദ്ധതിയുടെയും സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം നടത്തി സര്‍ക്കാറിന് സര്‍വേ നടത്താമെന്ന് കേരള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ടിന്റെ സെക്ഷന്‍ 4ഉം 6ഉം വ്യക്തമാക്കുന്നു. സാമൂഹികാഘാത പഠന നടത്തേണ്ട പ്രദേശം അതിരുതിരിച്ച് മാര്‍ക്ക് ചെയ്താല്‍ മതിയെന്ന് മാത്രമാണ് നിയമത്തിലുള്ളത്. അത് മഞ്ഞ നിറത്തിലുള്ള ഗുണനചിഹ്നമോ വരകളോ മതിയാകും. ഇതും പ്രദേശത്തെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും നിയമത്തിലുണ്ട്.
കല്ലിടലിന്റെ നിയമസാധുതയെക്കുറിച്ച് മറ്റൊരു വാർത്തസമ്മേളനത്തിൽ മന്ത്രി പി. രാജീവിനോട് ചോദ്യമുയർന്നെങ്കിലും എല്ലാം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും കോടതി അംഗീകാരം നൽകിയിട്ടുണ്ടെന്നുമായിരുന്നു മറുപടി. വ്യാപക പ്രതിഷേധത്തിനിടെ, കല്ലിടൽ ഭൂമിയേറ്റെടുക്കാനല്ലെന്നും സാമൂഹികാഘാത പഠനത്തിന്റെ ഭാഗം മാത്രമാണെന്നുമുള്ള വിശദീകരണവുമായി കെ-റെയിൽ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.