ഇവിടെ കടമേ പറയൂ...,സപ്ലൈകോ അടക്കാനുള്ളത് 201.54 കോടി
text_fieldsകൊച്ചി: ദരിദ്ര ജനവിഭാഗങ്ങളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടാണ് പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താൻ തീരുമാനിച്ചത്. പൊതുവിതരണ സമ്പ്രദായത്തിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും വരുത്തുന്നതിന് സോഷ്യൽ ഓഡിറ്റിങ്ങും തീരുമാനിച്ചു. എല്ലാ രേഖകളും പരസ്യപ്പെടുത്തണമെന്ന വ്യവസ്ഥയും നിയമത്തിലുണ്ട്. എന്നാൽ, ഇതൊന്നും സപ്ലൈകോ ഉദ്യോഗസ്ഥർ പാലിക്കുന്നില്ല. ലഭ്യമായ കണക്കുകൾ പ്രകാരം 201.54 കോടിയാണ് ജില്ലയിൽനിന്ന് സപ്ലൈകോ സർക്കാറിലേക്ക് അടക്കാനുള്ളത്. ഭക്ഷ്യധാന്യങ്ങളുടെ വില എഫ്.സി.ഐക്ക് പൊതുവിതരണ വകുപ്പ് നേരിട്ട് അടക്കുകയാണ് ചെയ്യുന്നത്. പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട മറ്റെല്ലാ ചെലവുകളും സർക്കാറാണ് വഹിക്കുന്നത്.
ഭക്ഷ്യധാന്യങ്ങളുടെ വിലയായി കാർഡുടമകൾ ന്യായവില ഷോപ്പുകളിൽ ഒടുക്കുന്ന തുകയാണ് സ്പ്ലൈകോ സർക്കാറിലേക്ക് അടക്കുന്നത്.
പൊതുവിതരണ സെക്രട്ടറിയുടെ 2019 ഒക്ടോബറിലെ നിർദേശപ്രകാരം 2019 നവംബർ ഒന്ന് മുതൽ പൊതുവിതരണ സംവിധാനത്തിലൂടെ സർക്കാറിലേക്ക് അടയ്ക്കേണ്ട മുഴുവൻ തുകയും ചില്ലറ വ്യാപാരികൾ നേരിട്ട് ഇ-ട്രഷറി സംവിധാനം വഴിയാണ് സപ്ലൈേകാക്ക് അടക്കുന്നത്. എന്നിട്ടും പ്രവർത്തനത്തിലെ സുതാര്യതയില്ലായ്മയും കെടുകാര്യസ്ഥതയും കണക്കുകളിൽ പൊരുത്തമില്ലായ്മ സൃഷ്ടിക്കുന്നു.
ന്യായവില ഷോപ്പുകളിലൂടെ ലഭിക്കുന്ന തുക
ഭക്ഷ്യധാന്യങ്ങളുടെ വിലയായി കാർഡുടമകൾ റേഷൻ കടകളിൽ അടക്കുന്ന തുക 2019 ഒക്ടോബർ വരെ റേഷൻ വ്യാപാരികൾ സപ്ലൈകോയുടെ ബാങ്ക് അക്കൗണ്ടിലാണ് അടച്ചിരുന്നത്. ഭക്ഷ്യധാന്യങ്ങളുടെ വിലയായി അക്കൗണ്ടിൽ ലഭിച്ച തുകയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണ കുറിപ്പ് നൽകിയപ്പോൾ മേഖല മാനേജർമാരിൽനിന്ന് ശേഖരിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. ആ കണക്ക് പരിശോധനക്ക് ലഭിച്ചില്ല. 2019 ജനുവരി മുതൽ നവംബർവരെ ശാശരി ഓരോ മാസവും 1.12 ലക്ഷം മില്യൻ ടൺ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. ലഭ്യമായ കണക്കുകൾ പ്രകാരം അരി (എൻ.പി.എസ് ആൻഡ് എൻ.പി.എൻ.എസ്), ഗോതമ്പ് (എൻ.പി.എൻ.എസ്) എന്നിവ വിതരണം ചെയ്ത ഇനത്തിൽ 173.96 കോടിയും ടൈഡ് ഓവർ ഗോതമ്പിനെ ഇനത്തിൽ 27.58 കോടിയും സഹിതം ആകെ 201.54 കോടി സപ്ലൈകോ അടക്കാനുണ്ട്. മാസം ശരാശരി 20 കോടിയെന്ന് കണക്കാക്കിയാൽ 10 മാസത്തെ തുകയെന്ന് കണക്കാക്കാം. എൻ.എഫ്.എസ്.എ നടത്തിപ്പിെൻറ ചെലവിനത്തിൽ ആധികാരികത പരിശോധിക്കുന്നതിന് എറണാകുളം മേഖല കാര്യാലയത്തിന് കീഴിലെ ജില്ലയിലെ കൊച്ചി, വടക്കൻ പറവൂർ, എറണാകുളം, പെരുമ്പാവൂർ, മൂവാറ്റുപുഴ ഡിപ്പോകളിൽ നേരിട്ട് പരിശോധന നടത്തിയപ്പോഴാണ് കണക്കിലെ കണക്കില്ലായ്മ വ്യക്തമായത്.
സർക്കാറും കൊടുക്കാൻ കോടികൾ
സർക്കാറിലേക്ക് സപ്ലൈകോ 201.54 കോടി കുടിശ്ശിക അടക്കാനുള്ളത് പോലതന്നെ വാതിൽപ്പടി ചെലവുമായി ബന്ധപ്പെട്ട മാസങ്ങളായുള്ള തുക സർക്കാർ സപ്ലൈകോക്കും കൊടുക്കാനുണ്ട്.
സപ്ലൈകോ ഡിപ്പോകളിൽനിന്ന് ഇത്തരം ചെലവുകൾ ഇനം തിരിച്ച് നിശ്ചിത മാതൃകയിൽ തയാറാക്കി മേഖല കാര്യാലയങ്ങൾ വഴി ക്രോഡീകരിച്ച് ഹെഡ് ഓഫിസിൽ നൽകണമെന്നാണ് വ്യവസ്ഥ. അത് പരിശോധിച്ച് സംസ്ഥാന തലത്തിൽ ഏകീകരിച്ച കണക്കുകൾ തയാറാക്കും. അതുപ്രകാരമുള്ള തുകയാണ് സമർപ്പിക്കുന്നത്. എൻ.എഫ്.എസ്.എ നടത്തിപ്പുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ടേഷൻ, ഹാൻഡ്ലിങ് ചാർജ്, ഗോഡൗണുകളുടെയും ഓഫിസിെൻറയും വാടക, ജീവനക്കാരുടെ ശമ്പളം- വേതനം പെൻഷൻ കോൺട്രിബ്യൂഷൻ, ഇ.പി.എഫ് മറ്റ് ചെലവുകൾ എന്നീ ഇനങ്ങളിലുള്ളതാണ് ഈ ചെലവുകൾ.
2020 മാർച്ച് ഏഴിന് പരിശോധന ആരംഭിച്ചപ്പോൾ ഇത്തരത്തിൽ 2019 നവംബർ വരെയുള്ള ചെലവുകളുടെ രേഖകൾ സർക്കാറിന് സപ്ലൈകോ നൽകിയിരുന്നു. എന്നാൽ, 2019 ജനുവരി വരെ ക്ലെയിം ചെയ്ത തുക ലഭിച്ചിട്ടുണ്ടെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.
2019 ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ക്ലെയിം തുക 40.77 കോടി 2019 സെപ്റ്റംബർ 23ലെ ഉത്തരവ് പ്രകാരവും ഏപ്രിൽ മുതൽ ജൂൺവരെയുള്ള 60.53 കോടി 2019 ഒക്ടോബർ 10ലെ ഉത്തരവ് പ്രകാരവും അനുവദിച്ചിരുന്നു. എന്നാൽ, സപ്ലൈകോക്ക് ആ തുക റിലീസ് ചെയ്ത് നൽകിയിട്ടില്ല. 2019 ഫെബ്രുവരി മുതൽ നവംബർ വരെ 201.41 കോടി സപ്ലൈകോക്ക് ലഭിക്കാനുണ്ടെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.