വൃഷണം കടിച്ചുപറിച്ച കേസിലെ പ്രതി പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടു
text_fieldsതിരുവല്ല: തിരുവല്ലയിലെ ബാർ പരിസരത്ത് നടന്ന അടിപിടിക്കിടെ യുവാവിന്‍റെ വൃഷണം കടിച്ചുപറിച്ച കേസിൽ പിടികൂടിയ പ്രതി തിരുവല്ല പൊലീസ് സ്റ്റേഷനിൽനിന്ന് കടന്നുകളഞ്ഞു. കുറ്റപ്പുഴ പാപ്പിനിവേലിൽ വീട്ടിൽ സുബിൻ അലക്സാണ്ടറാണ് (28) ചൊവ്വാഴ്ച രാത്രി 10ഓടെ ഓടിമറഞ്ഞത്.
തിരുവല്ല നഗരമധ്യത്തിലെ ബാർ പരിസരത്ത് ചൊവ്വാഴ്ച വൈകീട്ട് ആറോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. ബാറിൽനിന്ന് മദ്യപിച്ച് ഇറങ്ങിയ സുബിൻ ഫോൺ ചെയ്യാനായി പരാതിക്കാരന്‍റെ മൊബൈൽ ഫോൺ വാങ്ങി. തുടർന്ന് മൊബൈൽ ഫോൺ തിരികെ നൽകണമെങ്കിൽ 3000 രൂപ തരണമെന്ന് സുബിൻ ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കമാണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്.
ഗുരുതര പരിക്കേറ്റ യുവാവിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ബാർ പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്ത സുബിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയനാക്കിയിരുന്നു. വീട് കയറിയുള്ള ആക്രമണമടക്കം ഒട്ടനവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സുബിനെ 2023ൽ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. കാപ്പ കാലാവധി കഴിഞ്ഞ് തിരികെ നാട്ടിലെത്തിയ സുബിൻ വീണ്ടും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി.
അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുബിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും യുവാവിന്റെ പരാതിയിൽ രാത്രി 10.30ഓടെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും കേസെടുക്കുംമുമ്പാണ് രക്ഷപ്പെട്ടതെന്നും പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്നും എസ്.എച്ച്.ഒ ബി.കെ. സുനിൽ കൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.