പിടിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് പ്രതികൾ; പൊലീസുകാരന് കുത്തേറ്റു
text_fieldsഇടുക്കി: പ്രതികളെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. ഇടുക്കി ചിന്നക്കനാലിലാണ് കായംകുളം പൊലീസിനെതിരെ ആക്രമണമുണ്ടായത്. സംഭവത്തിൽ സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിന് കുത്തേറ്റു. പുലര്‍ച്ച രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്.
ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിലെ പ്രതികളെ പിടികൂടുന്നതിനായാണ് പൊലീസ് സംഘം ചിന്നക്കനാലിലെത്തിയത്. പ്രതികളില്‍ രണ്ട് പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവർ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇവർ രക്ഷപ്പെടുത്തി. പൊലീസ് വാഹനത്തിന്‍റെ താക്കോലും ഊരിയെടുത്ത് കൊണ്ട് പോയി.
പരിക്കേറ്റവർ മൂന്നാര്‍ ടാറ്റാ ടീ ആശുപത്രിയില്‍ ചികിത്സയിലാണ്. സമീപ സ്റ്റേഷനുകളിലെ പൊലീസുകാരെത്തിയാണ് കായംകുളം പൊലീസ് സംഘത്തെ രക്ഷപ്പെടുത്തിയത്.
എരുവ സ്വദേശി ഷിനുവിന്‍റെ (ഫിറോസ്ഖാൻ) നേതൃത്വത്തിലുള്ള സംഘമാണ് അക്രമണം നടത്തിയതെന്നാണ് സൂചന. കൃഷ്ണപുരം കാട്ടൂസ് ഹോട്ടൽ ഉടമ റിഹാസ്, സഹായി അമീൻ എന്നിവരെ തട്ടികൊണ്ടുപോയ മർദ്ദിച്ച സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെയായിരുന്നു അക്രമം. കഴിഞ്ഞ 24ന് പുലർച്ചെയാണ് റിഹാസിനെയും അമീനെയും ഇവർ അക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് കായംകുളം, കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ ഇവർക്കായി അന്വേഷണം ഊർജിതമായിരുന്നു. ഇടുക്കിയിലേക്ക് കടന്ന ഇവരെ അന്വേഷണ സംഘം പിന്തുടരുകയായിരുന്നു.
അമിത പലിശക്ക് പണം നൽകുന്ന ബ്ലേഡ് പലിശ മാഫിയ സംഘങ്ങളുമായി ബന്ധപ്പെട്ടവരാണ് അക്രമി സംഘമെന്ന് പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട കുടിപ്പകയാണ് ഹോട്ടൽ ഉടമയെ തട്ടികൊണ്ടുപോകുന്നതിന് കാരണമായത്. ഒരുമാസം മുമ്പ് പൊലീസ് ഈ സംഘാംഗങ്ങളുടെ വീടുകൾ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തി നിരവധി ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും എയർഗണ്ണും പിടിച്ചെടുത്തിരുന്നു. ഷിനുവിനെ ലക്ഷ്യമിട്ട റെയ്ഡിൽ ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ കഴിയുന്ന തരത്തിലുള്ള രേഖകൾ കണ്ടെത്താനായില്ല. സംഘത്തിൽപ്പെട്ട പത്തിയൂർ എരുവ പാലാഞ്ഞിയിൽ അനൂപിനെ (25) എയർഗണ്ണും അടക്കം കസ്റ്റഡിയിലെടുത്തിരുന്നു. ബ്ലാങ്ക് ചെക്കുകൾ, നിരോധിച്ച നോട്ടുകൾ, മുദ്രപത്രങ്ങൾ എന്നിവ പലരുടെ വീടുകളിൽ നിന്നായി പിടികൂടി. എന്നാൽ തുടർ നടപടികൾ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെയാണ് സംഘം വീണ്ടും കളത്തിൽ ഇറങ്ങിയത്.
നഗരത്തിൽ മീറ്റർ പലിശ സംഘങ്ങൾ വ്യാപകമാകുന്നുവെന്ന പരാതി വ്യാപാകമായിരുന്നു. ഗുണ്ടാസംഘങ്ങളുടെ പിൻബലത്തിലുള്ള മീറ്റർ പലിശ സംഘങ്ങൾ കടകളിലും മറ്റും ഭീഷണിപ്പെടുത്തിയാണ് പലിശ പിരിച്ചിരുന്നത്. മീറ്റർ തിരിയുന്നത് പോലെ മണിക്കൂറിന് പലിശ ഈടാക്കുന്ന സംഘങ്ങളുടെ കെണിയിൽ അകപ്പെട്ട് നിരവധിപേരാണ് വഴിയാധാരമായിട്ടുള്ളത്. രാഷ്ട്രീയ നേതാക്കളുടെ പിൻബലത്തിലാണ് സംഘങ്ങൾ പ്രവർത്തിക്കുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു. പലരും നേതാക്കളുടെ ബിനാമികളാണെന്ന ആക്ഷേപവും ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.