രാജ്യത്ത് ജനാധിപത്യം നഷ്ടപ്പെടുന്നുവെന്ന സംശയം ബലപ്പെടുന്നു -ജിഫ്രി തങ്ങൾ
text_fieldsകൽപ്പറ്റ: രാജ്യത്ത് ജനാധിപത്യം നഷ്ടപ്പെടുന്നുവെന്ന സംശയം ബലപ്പെടുത്തുന്നതാണ് നിലവിലെ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പ്രവാചകനെ നിന്ദിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ കോണുകളിൽ നടന്ന പ്രതിഷേധങ്ങളെ സർക്കാർ അടിച്ചമർത്തുന്നത് ജനാധിപത്യത്തെ ഉന്മൂലനം ചെയ്യുന്ന വിധത്തിലാണ്. കുറ്റക്കാരെ സംരക്ഷിച്ച് പ്രതിഷേധക്കാരുടെ വീടുകളടക്കം തകർത്ത് ഏകാധിപത്യം നടപ്പിൽ വരുത്താനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
രാജ്യത്തിന്റെ ജനാധിപത്യത്തെയും സാംസ്കാരിക പാരമ്പ്യത്തെയും മതസൗഹാർദത്തെയും സംരക്ഷിക്കാൻ തെരഞ്ഞെടുക്കപ്പെടുന്നവർ ഇതെല്ലാം തകർത്താണ് മുന്നോട്ട് പോകുന്നത്. എന്നാൽ, ഒരു മതവും മറ്റ് മതങ്ങളെയോ അവരുടെ വിശ്വാസങ്ങളെയോ ദൈവങ്ങളെയോ പ്രവാചകരയോ നിന്ദിക്കാൻ അനുവദിക്കില്ല. അവർ പരസ്പര ബഹുമാനത്തോടെയാണ് ഇത്രകാലവും ജീവിച്ചത്.
അത് തുടർന്നും മുന്നോട്ട് കൊണ്ടുപോകാൻ സമസ്ത പ്രതിജ്ഞാബദ്ധമാണ്. അതിൽ നിന്ന് ഒരടിപോലും പിന്നോട്ട് പോകില്ലെന്നും ജിഫ്‌രി തങ്ങൾ കൂട്ടിച്ചേർത്തു. മുട്ടിൽ ഡബ്ല്യു.എം.ഒ കാമ്പസിലെ എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാർ നഗറിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ 12-ാമത് സംസ്ഥാന സാരഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷനായി. പരിപാടിക്ക് തുടക്കം കുറിച്ച് രാവിലെ ഒമ്പതിന് സമസ്ത വയനാട് ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാർ പതാക ഉയർത്തി. സമസ്ത മുശാവറ അംഗം വി. മൂസക്കോയ മുസ്ലിയാർ പ്രാർഥന നടത്തിയ ചടങ്ങിൽ പാണക്കാട് റശീദലി ശിഹാബ് തങ്ങൾ, ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, ജനറൽ സെക്രട്ടറി മാവാക്കോട് മൊയ്തീൻകുട്ടി ഫൈസി, അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, എം.എ മുഹമ്മദ് ജമാൽ, കെ.കെ അഹമ്മദ് ഹാജി, കൊടക് അബ്ദുറഹ്മാൻ മുസ് ലിയാർ, കെ. മോയിൻകുട്ടി, എം.എ ചേളാരി എന്നിവർ സംസാരിച്ചു. പരിപാടിയിൽ മാതൃക മുഅല്ലിം അവാർഡ് കെ.കെ ഇബ്രാഹിം മുസ്ലിയാർ എളേറ്റിലിന് ജിഫ്രി തങ്ങൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.