സത്യപ്രതിജ്ഞ ചെറിയ ചടങ്ങായി പരിമിതപ്പെടുത്തണം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: പുതിയ കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ രാജ്ഭവനിൽ നിയുക്ത മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമുള്ള ചെറിയ ചടങ്ങായി പരിമിതപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
കോവിഡ് രോഗവ്യാപനം ഗുരുതരമാംവിധം തുടരുകയും കേരളമാകെ ലോക്ഡൗണിലായിരിക്കുകയും ചെയ്ത സന്ദർഭത്തിൽ വൻ പന്തലിട്ട് 750 പേരെ പങ്കെടുപ്പിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ ആഘോഷ സ്വഭാവത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച സത്യപ്രതിജ്ഞ ചടങ്ങ് ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്നതാണ്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണാണ്.
ജനങ്ങളോട് തങ്ങളുടെ ആഘോഷങ്ങളും സ്വകാര്യ ചടങ്ങുകളും ഉപേക്ഷിക്കാൻ പറയുന്നവർ തന്നെ അത് ലംഘിക്കുന്നത് ഔചിത്യമില്ലായ്മയാണ്. കടൽക്ഷോഭവും മഴക്കെടുതിയും അടക്കം ഗുരുതരമായ പ്രശ്നങ്ങൾ നാട് അഭിമുഖീകരിക്കുന്ന ഈ സന്ദർഭത്തിൽ ലക്ഷങ്ങൾ ചിലവിട്ട് നടത്തുന്നത് ധൂർത്തും ദുർവ്യയവും ജനങ്ങളുടെ ദുരിതങ്ങളോട് മുഖം തിരിക്കുന്ന സമീപനവുമാണ്. ലളിതമായ രീതിയിൽ സത്യപ്രതിജ്ഞ നടത്തുകയും ജനങ്ങൾക്ക് വാർത്താ മാധ്യമങ്ങൾ വഴിയും ഓൺലൈൻ വഴിയും അവരവരുടെ വീടുകളിലിരുന്നു വീക്ഷിക്കാൻ അവസരം നൽകുകയും ചെയ്യേണ്ടതാണ്. ജനങ്ങൾ വിശ്വസിച്ചേൽപിച്ച തുടർ ഭരണത്തിന്‍റെ തുടക്കം തന്നെ ജനങ്ങളെ പരിഹസിച്ചു കൊണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.