യുവതിയെ ആക്രമിച്ചപ്പോൾ എൽദോസ് ധരിച്ച ടീഷർട്ട് കണ്ടെടുത്തു
text_fieldsതിരുവനന്തപുരം: പരാതിക്കാരിയായ യുവതിയെ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മർദിച്ചെന്ന് പറയുന്ന ദിവസം ധരിച്ചിരുന്ന ടീഷർട്ട് കേസന്വേഷിക്കുന്ന പൊലീസ് സംഘം കണ്ടെടുത്തു. പരാതിക്കാരിയുടെ വീട്ടിൽനിന്നാണ് ടീഷർട്ട് കണ്ടെടുത്തത്. പരാതിക്കാരിയുടെ വീട്ടിൽ എത്തിയിരുന്നില്ലെന്ന എം.എൽ.എയുമായി അടുത്ത കേന്ദ്രങ്ങളുടെ വാദം ഖണ്ഡിക്കുന്നതാണിത്. മർദനമേൽക്കുമ്പോൾ യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളും ജില്ല ക്രൈംബ്രാഞ്ച് തെളിവായി ശേഖരിച്ചു. സംഭവദിവസം എൽദോസ് പരാതിക്കാരിയുടെ വീട്ടിലേക്ക് മദ്യവുമായാണ് എത്തിയതെന്ന് തെളിയിക്കുന്ന പകുതി ഉപയോഗിച്ച മദ്യക്കുപ്പിയും പൊലീസ് ശേഖരിച്ചു.
കഴിഞ്ഞദിവസം അന്വേഷണ സംഘം എം.എൽ.എയുടെ പെരുമ്പാവൂരിലെ വീട്ടിലും കടവന്ത്രയിലെ ചില കേന്ദ്രങ്ങളിലും പരിശോധനക്കെത്തിയിരുന്നു. എം.എൽ.എയുടെ വീട് അടഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. എൽദോസിന്റെ ഭാര്യ, പി.എ, ഡ്രൈവർ എന്നിവരെ വിളിച്ചുവരുത്തി മൊഴിയെടുത്തു. ചൊവ്വാഴ്ച പരാതിക്കാരിയുമായി എറണാകുളത്തെത്തി തെളിവ് ശേഖരിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. എറണാകുളത്തെ വിവിധ കേന്ദ്രങ്ങളിലും പെരുമ്പാവൂരിലെ വീട്ടിലും എം.എൽ.എ പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയിരുന്നു.
പരാതിയുയർന്ന് 10 ദിവസമാകുമ്പോഴും എം.എൽ.എ ഒളിവിലാണ്. എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനും എൽദോസ് എത്തിയിരുന്നില്ല. എം.എൽ.എ എവിടെയാണെന്ന് കണ്ടുപിടിക്കാൻ ശ്രമം തുടരുകയാണെന്നാണ് പൊലീസ് ഭാഷ്യം. എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ചയാണ് വിധി പറയുന്നത്. അതുവരെ അദ്ദേഹം ഒളിവിൽ തുടരുമെന്നാണ് പൊലീസ് സംശയിക്കുന്നത്. മുൻകൂര്‍ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയാല്‍ ഹൈകോടതിയെ സമീപിക്കാനാണ് എൽദോസിന്റെ നീക്കം.
വ്യാജവാർത്ത നൽകാൻ ഒരുലക്ഷം നൽകി
തിരുവനന്തപുരം: തനിക്കെതിരെ അപകീർത്തികരമായ വാർത്തകൾ ചമയ്ക്കാൻ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഓൺലൈൻ മാധ്യമപ്രവർത്തകന് ഒരു ലക്ഷം രൂപ നൽകിയെന്ന് പരാതിക്കാരിയായ യുവതി ആരോപിച്ചു. സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോടാണ് യുവതി ഇക്കാര്യം പറഞ്ഞത്.
50,000 രൂപ വീതം രണ്ടുതവണയായാണ് പണം നൽകിയത്. ഒളിവിലുള്ള സമയത്താണ് പണമിടപാട് നടന്നതെന്നും തെളിവുകൾ കൈവശമുണ്ടെന്നും അവർ പറഞ്ഞു. ഇതുസംബന്ധിച്ച് കോടതിയിൽ മൊഴി നൽകും. കുന്നപ്പിള്ളിയുടെ സുഹൃത്തിന്റെ അക്കൗണ്ടിൽനിന്നാണ് പണം നൽകിയത്. ഇതിന്റെ ബാങ്ക് രേഖകൾ സിറ്റി പൊലീസ് കമീഷണർ ഓഫിസിലെത്തി കൈമാറി.
ഭാരത് ലൈവ്, പ്രസ് മലയാളം, ക്രൈംന്യൂസ് എന്നീ ഓൺലൈൻ ചാനലുകൾക്കെതിരെയാണ് യുവതിയുടെ പരാതി. യുവതിയുടെ പേരും ചിത്രവും വെളിപ്പെടുത്തുന്ന വിഡിയോ യൂട്യൂബിൽനിന്ന് നീക്കം ചെയ്യാനുള്ള നടപടികൾ പൊലീസ് സ്വീകരിക്കുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.