അരിക്കൊമ്പനെ മയക്കുവെടി വെക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിട്ടു
text_fieldsകുമളി: കമ്പം ടൗണിലിറങ്ങി ഭീതി പരത്തിയ അരിക്കൊമ്പൻ കാട്ടാനയെ മയക്കുവെടിവെക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിട്ടു. അരിക്കൊമ്പൻ ഇനിയും ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതക്കുമെന്ന് കണ്ടാണ് തമിഴ്നാട് വനംവകുപ്പിന്റെ നീക്കം. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്ന് തമിഴ്നാട് വനംവകുപ്പ് വിലയിരുത്തി. മേഘമല സി.സി.എഫിനാണ് ദൗത്യ ചുമതല. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് നേതൃത്വം നൽകുക. മയക്കു വെടി വെച്ചശേഷം കൊമ്പനെ മേഘമലയിലെ വെള്ളരിമലയിലെ വരശ്നാട് മലയിലേക്ക് മാറ്റാനാണ് പദ്ധതി.
തമിഴ്നാടിലെ കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ ഇപ്പോൾ പുളിമരതോട്ടത്തിലൂടെ ഓടി നടക്കുകയാണ്. വനം വകുപ്പുദ്യോഗസ്ഥർ ഒരു തവണ ആകാശത്തേക്ക് വെടിവച്ചതോടെ ആന വിരണ്ട് ഓടുകയായിരുന്നു. ജനവാസമേഖലയിലേക്ക് ഇറങ്ങുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതിനിടെ, വനംവകുപ്പ് കൊമ്പന് തെങ്ങോല, വാഴ. വെള്ളം അടക്കമുള്ള ഭക്ഷണം എത്തിച്ച് നല്‍കി.
കൊമ്പനെ മയക്കുവെടി വെക്കാൻ വെറ്റിനറി ഡോക്ടർ, കുങ്കിയാനകൾ, വാഹനം അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാണെന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ റെഡ്ഡി പറഞ്ഞിരുന്നു.
ഇന്ന് രാവിലെയാണ് കാടിറങ്ങി ജനവാസ മേഖലയിലെത്തിയ അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തിയത്. ടൗണിലെത്തിയ ആന റോഡിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്തു. രാവിലെ കമ്പം ബൈപ്പാസിനും പ്രധാന റോഡിനും ഇടയിലുള്ള പുളിമരത്തോപ്പിലാണ് കാട്ടാന നിലയുറപ്പിച്ചിരുന്നത്. ഇവിടെ നിന്നു തുരുത്തി ഓടിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് ആന കമ്പം ടൗണിലേക്ക് നീങ്ങിയത്. ആനയെ തുരുത്തി ഓടിക്കാനുള്ള വനപാലകരുടെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.