വിദ്യാർഥി ആക്രമിച്ചെന്ന് അധ്യാപകൻ; ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർഥികൾ
text_fieldsകൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ ഭിന്നശേഷിക്കാരനായ അധ്യാപകനെ വിദ്യാർഥി കൈയേറ്റം ചെയ്തതായി പരാതി. മൂന്നാംവർഷ ബി.എ അറബിക് വിദ്യാർഥി മുഹമ്മദ് റാഷിദിനെതിരെ അസി. പ്രഫസർ ഡോ. കെ.എം. നിസാമുദ്ദീനാണ് പ്രിൻസിപ്പലിന് പരാതി നൽകിയത്. അതേസമയം, അസി. പ്രഫസർ ഡോ. കെ.എം. നിസാമുദ്ദീൻ തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ഒരുകൂട്ടം വിദ്യാർഥികളും രംഗത്തെത്തി. ഇതുസംബന്ധിച്ച് അവർ പ്രിൻസിപ്പലിന് പരാതി നൽകി.
ബുധനാഴ്ച ഉച്ചക്ക് ക്ലാസിൽ ഹാജരാകാതിരുന്ന മുഹമ്മദ് റാഷിദ് തന്നോട് തട്ടിക്കയറിയെന്നും മർദിച്ചുവെന്നും അധ്യാപകൻ പരാതിയിൽ പറഞ്ഞു. സംസാരിക്കാൻ താൽപര്യമില്ലെന്നുപറഞ്ഞ് പ്രിൻസിപ്പലിന്റെ ചേംബറിലേക്ക് നടക്കവെ തടഞ്ഞുനിർത്തി അരയിൽനിന്നും കത്തിപോലുള്ള ഒരു ആയുധമെടുത്ത് പിടിഭാഗം ഉപയോഗിച്ച് ഇടതുകൈയിൽ കുത്തുകയും ഇടിക്കുകയും ചെയ്തു, രണ്ട് ദിവസത്തിനുള്ളിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
ഭിന്നശേഷി നിയമപ്രകാരം വിദ്യാർഥിക്കെതിരെ നടപടിയെടുക്കണമെന്നും തന്റെ ജീവന് സുരക്ഷിതത്വം നൽകണമെന്നും അധ്യാപകൻ പരാതിയിൽ ആവശ്യപ്പെട്ടു. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ അധ്യാപകന്റെ മൊഴി സെൻട്രൽ പൊലീസ് രേഖപ്പെടുത്തി. പ്രാഥമിക ചികിത്സക്കുശേഷം വൈകീട്ടോടെ അധ്യാപകൻ ആശുപത്രി വിട്ടു.
ഇതിനിടെയാണ് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായി വിദ്യാർഥികൾ പ്രിൻസിപ്പലിന് പരാതി നൽകിയത്. അറബിക് അധ്യാപകനും സ്റ്റാഫ് അഡ്വൈസറുമായ ഡോ.കെ.എം. നിസാമുദ്ദീൻ പാർട്ടി അടിസ്ഥാനത്തിൽ തങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് വിദ്യാർഥികൾ പരാതിയിൽ ആരോപിച്ചു. ഒരു വിദ്യാർഥിനിയെ വർഗീയവാദി, മതവാദി എന്നൊക്കെ വിളിച്ച് അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ 15ന് ഡിപ്പാർട്മെന്റിൽ നടന്ന സംഘർഷത്തെക്കുറിച്ച് അറബിക് ഗ്രൂപ്പിൽ ചർച്ച ചെയ്തതിനും അഭിപ്രായം പറഞ്ഞതിനും പെൺകുട്ടികളെയടക്കം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചു. സസ്പെൻഡ് ചെയ്യുമെന്നും കേസ് കൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും അവർ പറഞ്ഞു. ഇതിന്റെ ഓഡിയോ ക്ലിപ്പും വിദ്യാർഥികൾ പുറത്തുവിട്ടു.
വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ഫ്രട്ടേണിറ്റി മൂവ്മെന്റ് മഹാരാജാസ് യൂനിറ്റ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.