അടച്ചുപൂട്ടിയ എൻജി. കോളജിൽ സാങ്കേതിക സർവകലാശാല പഠന വിഭാഗങ്ങൾ തുടങ്ങുന്നു
text_fieldsതിരുവനന്തപുരം: കുട്ടികളില്ലാതെ അടച്ചുപൂട്ടിയ സ്വാശ്രയ എൻജിനീയറിങ് കോളജിന്റെ കെട്ടിടം ഉപയോഗിച്ച് എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല അഞ്ച് പഠന വിഭാഗങ്ങൾ ആരംഭിക്കുന്നത് പരിഗണനയിൽ. വിളപ്പിൽശാലയിൽ സർവകലാശാലക്കായി ഏറ്റെടുത്ത ഭൂമിയിൽ കെട്ടിടം പണി പൂർത്തിയാകാൻ രണ്ട് വർഷമെങ്കിലും വേണ്ടിവരുമെന്ന കണക്കുകൂട്ടലിലാണ് അതിന് മുമ്പ് പഠനവിഭാഗങ്ങൾ ആരംഭിക്കാൻ നടപടി തുടങ്ങിയത്.
ഇതിനായി സർവകലാശാല പ്രത്യേക ക്വട്ടേഷൻ ക്ഷണിച്ചിരുന്നു. അപേക്ഷകരിൽനിന്ന് കുറഞ്ഞ തുക ആവശ്യപ്പെട്ടത് നെയ്യാറ്റിൻകരക്ക് സമീപമുള്ള കോളജാണ്. ഇവരുമായി സർവകലാശാല അധികൃതർ പ്രാഥമിക ചർച്ച നടത്തി. നാല് വർഷത്തോളം മുമ്പ് അടച്ചുപൂട്ടിയതാണ് പരിഗണനയിലുള്ള കോളജ്. അഞ്ച് പഠന വിഭാഗങ്ങൾ താൽക്കാലിക കാമ്പസിൽ തുടങ്ങുമെങ്കിലും സർവകലാശാല ആസ്ഥാനം വിളപ്പിൽശാലയിലെ കെട്ടിടം പൂർത്തിയാകുംവരെ നിലവിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം സി.ഇ.ടി കാമ്പസിൽ തുടരും.
സാങ്കേതിക സർവകലാശാല 2014ൽ ആരംഭിച്ചെങ്കിലും ഇതുവരെ സ്വന്തം പഠനവിഭാഗം ആരംഭിക്കാൻ സാധിച്ചിട്ടില്ല. യു.ജി.സി റെഗുലേഷനിലെ 12 (ബി) വ്യവസ്ഥ പ്രകാരമുള്ള അംഗീകാരം സർവകലാശാലക്ക് ലഭിക്കാൻ അഞ്ച് പഠനവിഭാഗങ്ങളെങ്കിലും ആരംഭിക്കണം. യു.ജി.സി ധനസഹായം ലഭിക്കുന്നതിന് 12 (ബി) അംഗീകാരം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് താൽക്കാലിക കാമ്പസിൽ അഞ്ച് പഠനവിഭാഗങ്ങൾ തുടങ്ങുന്നത്.
പഠനവിഭാഗങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി എൻജിനീയറിങ് മേഖലയിലെ വിദഗ്ധരുമായുള്ള ചർച്ചകൾ സർവകലാശാല തുടങ്ങി. ഐ.ഐ.ടി, എൻ.ഐ.ടി എന്നിവിടങ്ങളിലെ പഠന-ഗവേഷണ വിഭാഗം മേധാവികൾ, വ്യവസായ വിദഗ്ധർ, സിൻഡിക്കേറ്റ് അംഗങ്ങൾ, അക്കാദമിക് കൗൺസിൽ, ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾ എന്നിവർ ആശയങ്ങൾ അവതരിപ്പിച്ചു.
കുസാറ്റ് മുൻ വൈസ് ചാൻസലർ ഡോ. ഗംഗൻ പ്രതാപ്, ഡിജിറ്റൽ സർവകലാശാല ഡീൻ ഡോ. എ.പി. ജെയിംസ്, നെസ്റ്റ് ഡിജിറ്റൽ കമ്പനി വൈസ് പ്രസിഡന്റ് ഫ്രാങ്ക്ളിൻ ജോർജ്, കാലിക്കറ്റ് എൻ.ഐ.ടിയിലെ ഗവേഷക വിദഗ്ധരായ ഡോ. റിജിൽ രാംചന്ദ്, ഡോ. സുധീഷ് എൻ. ജോർജ്, വൂറ്റ്സ് ടെക്നോളജീസ് എം.ഡി ഷാജി എം. സ്കറിയ, വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ്, പ്രൊ വൈസ് ചാൻസലർ ഡോ. എസ്. അയൂബ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.