ചൂട് 38 ഡിഗ്രി കടന്നു; ജാഗ്രത വേണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് 38 ഡിഗ്രിയിലേക്ക് കടന്നു. ഞായറാഴ്ച തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിലാണ് 38.2 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. കൊല്ലം ജില്ലയിലെ പുനലൂർ, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിൽ ചൂട് 37 ഡിഗ്രിയിലാണ്. തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം ജില്ലകളിൽ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അതിരാവിലെ അനുഭവപ്പെടുന്ന ചൂടിലും രണ്ട് മുതൽ മൂന്ന് ഡിഗ്രിയുടെ വർധനയുണ്ട്. ഞായറാഴ്ച ഏറ്റവും കുറവ് ചൂട് (പുലർച്ച) രേഖപ്പെടുത്തിയത് പുനലൂരാണ്; 20 ഡിഗ്രി. കേരളം ഉയർന്ന അന്തരീക്ഷ ആർദ്രതയുള്ള തീരദേശ സംസ്ഥാനമായതിനാൽ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.