താപനില ഉയരുന്നു; എട്ടുജില്ലകളിൽ ചൂട് കൂടാൻ സാധ്യത, ജാഗ്രതാനിർദേശം
text_fieldsതിരുവനന്തപുരം: കാലവർഷം വരണ്ടതോടെ സംസ്ഥാനത്ത് താപനില ഉയരുന്നു. അടുത്ത 24 മണിക്കൂർ എട്ടുജില്ലകളിൽ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചത്. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ്-നാല് ഡിഗ്രി സെൽഷ്യസ് കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചത്. ശനിയാഴ്ച വരെ ഈ സീസണിൽ 47 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇടുക്കി ജില്ലയിലാണ് മഴ ഏറ്റവും കുറവ് -63 ശതമാനം. ഒരു ജില്ലയിൽപോലും ശരാശരി മഴ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നദികളിലെ ജലനിരപ്പ് ആശങ്കജനകമാംവിധം താഴുന്നതായി കേന്ദ്ര ജല കമീഷൻ അറിയിച്ചു.
പമ്പാനദിയിലെ മാലക്കര സ്റ്റേഷനിൽ കരയോടുചേർന്നുനിൽക്കുന്ന ജലമാപിനിയിൽ ഈ സീസണിൽ ആദ്യമായി ജലനിരപ്പ് പൂജ്യത്തിനും താഴെയായി. സംസ്ഥാനത്തെ വിവിധ നദികളിൽ കമീഷൻ നിരീക്ഷണം നടത്തുന്ന 38 സ്റ്റേഷനുകളിൽ മാലക്കരയിൽ മാത്രമാണ് ജലനിരപ്പ് മൈനസ് രേഖപ്പെടുത്തിയത്. ഇത് അസാധാരണ സാഹചര്യമാണ്.
മണിമലയാറ്റിലെ കല്ലൂപ്പാറ മാപിനിയിൽ 1.88 മീറ്ററും അച്ചൻകോവിലാറ്റിലെ തുമ്പമൺ മാപിനിയിൽ ആറ് മീറ്ററും ജലമുള്ളതിനാൽ ഇവിടെ തൽക്കാലം പ്രതിസന്ധിയില്ല.
സൂര്യരശ്മിയിലെ അൾട്രാ വയലറ്റ് വികിരണ തോത് 13 യൂനിറ്റിനോട് അടുത്താണ്. പത്ത് യൂനിറ്റ് കടന്നാൽ കുട ഉപയോഗിക്കുകയോ ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കുകയോ വേണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.