രണ്ട് വീടുകളിൽ നിന്ന് 92 പവൻ കവർന്ന മോഷ്ടാവും സഹായിയും അറസ്റ്റിൽ
text_fieldsപെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിലും മുതുകുര്‍ശ്ശി എളാടും രാത്രിയില്‍ ആളില്ലാത്ത വീടിന്‍റെ വാതില്‍ പൊളിച്ച് 92 പവനോളം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്ത് കൊണ്ടുപോയ കേസിലെ പ്രതി പിടിയില്‍. മൂവാറ്റുപുഴ പേഴക്കാപ്പള്ളി സ്വദേശി പാണ്ടിയാരപ്പള്ളി നൗഫല്‍(37), മോഷണമുതല്‍ വില്‍പ്പനനടത്താനും പ്രതിക്ക് താമസസ്ഥലം ഒരുക്കിക്കൊടുക്കുകയും ചെയ്ത പട്ടാമ്പി മഞ്ഞളുങ്ങല്‍ സ്വദേശി പൂവത്തിങ്ങല്‍ ബഷിറി(43)നെയുമാണ് മലപ്പുറം ജില്ല പൊലീസ് മേധാവി എസ്.സുജിത്ത് ദാസ്, പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സി.ഐ. പ്രേംജിത്ത്, എസ്.ഐ. ഷിജോ.സി.തങ്കച്ചന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ജൂണ്‍ 11 നാണ് അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയില്‍ പുതുപറമ്പില്‍ സിബിജോസഫിന്‍റെ വീട്ടില്‍ വീട്ടുകാര്‍ പുറത്ത് പോയസമയത്ത് രാത്രിയില്‍ പിറക് വശത്തെ വാതില്‍ തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന 72 പവൻ സ്വര്‍ണാഭരണങ്ങളും പണവും വിലപിടിപ്പുള്ള വാച്ചുകളും മോഷണം പോയതായി പരാതി ലഭിക്കുന്നത്. കൃത്യം രണ്ടാഴ്ച മുമ്പ് മെയ് 28 ന് മുതുകുര്‍ശ്ശി എളാട് കുന്നത്ത് പറമ്പൻ വാസുദേവന്റെ വീട്ടിലും സമാനരീതിയില്‍ മോഷണം നടത്തി 20 പവൻ സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയിരുന്നു.
തുടര്‍ന്ന് മലപ്പുറം ജില്ലാപോലീസ് മേധാവി യുടെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് രിച്ച് അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ, എന്നിവിടങ്ങളില്‍ ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചും മുന്‍ കുറ്റവാളികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ പ്രതിയെകുറിച്ച് സൂചന ലഭിക്കുകയും ചെയ്തു. നാടുമായോ വീടുമായോ ഒരു തരത്തിലും ബന്ധപ്പെടാത്ത പ്രതിയെകുറിച്ച് അന്വേഷണം നടത്തിയതില്‍ തുമ്പൊന്നും ലഭിച്ചില്ല.
കേരളത്തിനകത്തും പുറത്തും മലപ്പുറം എസ്.പിയുടെ സഹായത്തോടെ അന്വേഷിച്ചപ്പോൾ ചെന്നൈ, കൊയമ്പത്തൂര്‍ റെയില്‍വേസ്റ്റേഷനുകളിലും ട്രയിനിലും മറ്റും ചിലര്‍ പ്രതിയെ കണ്ടതായി വിവരം ലഭിച്ചു. ഉത്തരേന്ത്യയിലേക്കുള്ള ലോറികളില്‍ മുമ്പ് ഡ്രൈവറായി ജോലിചെയ്തിരുന്ന പ്രതിക്ക് ഹിന്ദി, തമിഴ് തുടങ്ങി അഞ്ചോളം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുമെന്നുള്ള വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു. ചില പ്രത്യേക ദിവസങ്ങളാണ് മോഷണത്തിനായി തിരഞ്ഞെടുക്കുന്നതെന്ന് മനസിലാക്കിയ അന്വേഷണസംഘം സി.ഐ. പ്രേംജിത്ത് ,എസ്.ഐ. ഷിജോ.സി.തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘങ്ങളായി തിരിഞ്ഞ് ഒരുമാസത്തോളം ഉത്തരേന്ത്യന്‍ ട്രയിനുകളില്‍ മഫ്ടിയില്‍ രഹസ്യ നിരീക്ഷണം നടത്തി വരികയും പ്രതി കേരളത്തിലേക്ക് പുറപ്പെട്ടതായി സൂചന ലഭിച്ചതിന്‍റെയടിസ്ഥാനത്തില്‍ ഷൊര്‍ണ്ണൂര്‍,
ഒറ്റപ്പാലം,പട്ടാമ്പി റെയില്‍വേസ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചതില്‍ പട്ടാമ്പി ടൗണില്‍ പ്രതിയെത്തിയതായി വിവരം ലഭിക്കുകയും ടൗണിലും പരിസരങ്ങളിലും നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞദിവസം രാത്രിയില്‍ പട്ടാമ്പി ടൗണ്‍ ഭാഗത്ത് വച്ച് പ്രതിയെ പിടികൂടുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.
പ്രതിയെ ഡി.വൈ.എസ്.പി എം.സന്തോഷ്കുമാര്‍, സി.ഐ. പ്രേംജിത്ത്, എസ്.ഐ. ഷിജോ.സി.തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തതില്‍ മലപ്പുറം, പാലക്കാട് ജില്ലകളില്‍ ആള്‍ത്താമസമില്ലാത്ത ഇരുപത്തഞ്ചോളം വീടുകളില്‍ നടന്ന മോഷണങ്ങള്‍ക്ക് തുമ്പുണ്ടാക്കാനായതായും കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും ഡി.വൈ.എസ്.പി എം.സന്തോഷ്കുമാര്‍ അറിയിച്ചു.
മലപ്പുറം ജില്ല പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്‍റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ്കുമാര്‍, സി.ഐ. പ്രേംജിത്ത്, എസ്.ഐ.ഷിജോ.സി.തങ്കച്ചന്‍,എസ്.സി. പി. ഒ മാരായ ഷിജു.പി.എസ്, സൽമാൻ , ഷാലു , ജയന്‍, സോവിഷ്, നിഖില്‍, ഉല്ലാസ് കെ.എസ്, മിഥുൻ,ഷജീർ, സിന്ധു , വൈശാഖ് എന്നിവരും ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.