ഈ റാങ്ക് ലിസ്റ്റിനോട് സർക്കാറിന് ‘പ്രിയ’മേറെ... എന്താവും കാരണം?
text_fieldsകണ്ണൂർ: ഡോ. പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രഫസർ ആയി നിയമിച്ച പട്ടികയിലെ മൂന്നും നാലും റാങ്കുകാർക്ക് നല്ല കാലം. പ്രിയ വർഗീസിനെതിരെ നിയമയുദ്ധത്തിന് പോയ രണ്ടാം റാങ്കുകാരൻ ഡോ. ജോസഫ് സ്കറിയ ഒഴികെ എല്ലാവർക്കും വാരിക്കോരിയാണ് നിയമനം.
ഇതിൽ സംശയം ആരോപിച്ച് പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തി കഴിഞ്ഞു. പ്രിയക്കെതിരെ കേസ് കൊടുക്കാത്തതിലും രണ്ടാം റാങ്കുകാരനൊപ്പം കക്ഷി ചേരാത്തതിലുമുള്ള പാരിതോഷികമാണ് ഉയർന്ന പദവികളിലെ നിയമനം വഴി നടക്കുന്നത് എന്നാണ് പരാതി.
പട്ടികയിലെ നാലാം റാങ്കുകാരൻ പി.പി. പ്രകാശിന് മാസങ്ങൾക്ക് മുമ്പാണ് പി.എസ്.സി അംഗത്വം നൽകിയത്. മൂന്നാം റാങ്കുകാരൻ സി. ഗണേഷിന് മലയാളം സർവകലാശാലയിൽ പരീക്ഷാ കൺട്രോളർ ആയും നിയമനം ലഭിച്ചു.
മാസങ്ങൾക്ക് മുമ്പ് ലഭിച്ച ഈ നിയമനത്തിന് പുറമെ ഇപ്പോൾ ഇദ്ദേഹത്തിന്‍റെ ഭാര്യക്ക് ശ്രീനാരായണ ഓപൺ സർവകലാശാലയിൽ രജിസ്ട്രാർ നിയമനവും നൽകിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ ഡോ. പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാല മലയാള പഠന വകുപ്പിൽ അസോസിയേറ്റ് പ്രഫസറായി നിയമനം നൽകിയത് വൻ വിവാദമായിരുന്നു. 651 റിസർച് സ്കോർ ഉണ്ടായിരുന്ന രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയെ തഴഞ്ഞ് 156 റിസർച് സ്കോർ ഉള്ള പ്രിയയെ നിയമിച്ചതാണ് വിവാദങ്ങളുടെ അടിസ്ഥാനം.
ഇൻറർവ്യൂവിൽ ഉയർന്ന മാർക്ക് നൽകിയാണ് നിയമനം ഉറപ്പാക്കിയത്. നിയമനത്തിനെതിരെ ജോസഫ് സ്കറിയ കോടതിയെ സമീപിച്ചപ്പോൾ മറ്റുള്ളവർ മൗനം പാലിച്ചു. നിയമന കേസ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
നിയമനം കോടതിയിൽ ചോദ്യം ചെയ്യും -കെ.പി.സി.ടി.എ
കണ്ണൂർ: പ്രിയ വർഗീസിനെ നിയമിച്ച റാങ്ക് പട്ടികയിലെ മറ്റുള്ളവർക്ക് അടിക്കടി വലിയ പദവികൾ നൽകുന്നത് സർക്കാറിന്‍റെ സമ്മാനമാണെന്ന് കെ.പി.സി.ടി.എ ഭാരവാഹികൾ പറഞ്ഞു. മൂന്നാം റാങ്കുകാരൻ സി. ഗണേഷിന്‍റെ ഭാര്യക്ക് രജിസ്ട്രാർ നിയമനം നൽകിയത് കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഇവർ പറഞ്ഞു. ഡോ. ഷിനോ പി, തോമസ് അധ്യക്ഷത വഹിച്ചു. ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. പി. പ്രജിത, ഡോ. വി. പ്രകാശ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.