തിരുവനന്തപുരം പുസ്തക തലസ്ഥാനം -പിണറായി വിജയൻ
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനത്തിന് പുസ്തക തലസ്ഥാനമാകാനുള്ള സര്‍വ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്കോക്ക് നിയമസഭ സ്പീക്കര്‍ കത്തയക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ.എല്‍.ഐ.ബി.എഫ്) മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ലോക സാഹിത്യ നഗരിയായതുപോലെ തിരുവനന്തപുരം യുനെസ്കോയുടെ വേള്‍ഡ് ബുക്ക് കാപിറ്റല്‍ സ്ഥാനത്തിന് അര്‍ഹമാകണം. ഇന്ത്യയിലെ ഏതെങ്കിലുമൊരു നഗരത്തിന് യുനൈറ്റഡ് നേഷന്‍സിന്റെ പുസ്തക തലസ്ഥാനം 'വേള്‍ഡ് ബുക്ക് കാപിറ്റല്‍' എന്ന പദവിക്ക് അര്‍ഹതയുണ്ടെങ്കില്‍ ആദ്യം പരിഗണനക്ക് വരേണ്ടത് കേരളത്തിന്റെ നഗരങ്ങളാണ് -മുഖ്യമന്ത്രി പറഞ്ഞു.
മലയാള സര്‍ഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നല്കിയ മുകുന്ദന് മുഖ്യമന്ത്രി നിയമസഭ പുരസ്കാരം സമ്മാനിച്ചു.
സാംസ്കാരിക മേഖലയിലെ അധിനിവേശങ്ങള്‍ക്കും അരാജക ചിന്തകള്‍ക്കുമെതിരായ ചെറുത്തുനില്പാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവമെന്ന് അധ്യക്ഷനായിരുന്ന സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു. സംസ്കാര ഭാഷാ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ രാജ്യത്തിന് മാതൃകയായ കേരളം അറിവിന്റെയും പുരോഗതിയുടെയും ആഗോളമുദ്രയാണെന്ന് മുഖ്യാതിഥിയായിരുന്ന കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍ ഫരീദ് പറഞ്ഞു.ലഭിച്ച പുരസ്കാരങ്ങളില് ഏറ്റവും വിലമതിക്കുന്നത് നിയമസഭ പുരസ്കാരമെന്ന് മറുപടി പ്രസംഗത്തില്‍ എം. മുകുന്ദന് പറഞ്ഞു. മൂന്നരക്കോടി ജനങ്ങള്‍ നീതിക്കും തുല്യതക്കും വേണ്ടി ഉറ്റുനോക്കുന്ന നിയമസഭയില്‍ നിന്ന് പുരസ്കാരം ലഭിച്ച നിമിഷം എന്നും ഓര്‍മിക്കും. അറുപതോളം വര്‍ഷം എഴുതിയതിനാണ് തനിക്ക് വാർധക്യം ബാധിച്ചത്. എഴുത്തുയാത്ര എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക സാഹിത്യകാരന് ദേവ്ദത്ത് പട്നായിക് പ്രകാശനം ചെയ്തു. ഡോ. മന്മോഹന് സിങ്ങിനും എം.ടി. വാസുദേവന്‍ നായര്‍ക്കും അനുശോചനമര്‍പ്പിച്ചു. മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാര്‍, ജി.ആര്. അനില്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ജില്ല കലക്ടര്‍ അനുകുമാരി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍,നിയമസഭ സെക്രട്ടറി ഡോ. എന്‍. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.