ഉള്ളുലച്ച് ഉരുൾ
text_fieldsകുടയത്തൂര്‍: ഉരുള്‍പൊട്ടലുണ്ടായ കുടയത്തൂരില്‍ കനത്ത മഴയെ തുടര്‍ന്ന് വീണ്ടും മണ്ണിടിച്ചില്‍ ഭീഷണി. തിങ്കളാഴ്ച പുലര്‍ച്ചയുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലയുടെ മുകളില്‍ അടര്‍ന്നിരിക്കുന്ന പാറക്കൂട്ടങ്ങൾ താഴേക്ക് പതിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു.
മുൻകരുതൽ ഭാഗമായി പ്രദേശത്ത് താമസിക്കുന്ന ഒമ്പത് കുടുംബങ്ങളെ കുടയത്തൂർ ഗവ. ന്യൂ എൽ.പി സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
നെല്ലിക്കുന്നേൽ മനോജ്, പേര്പാറയിൽ ലിനു, ചേലാട്ട് വിജയൻ, വെളുത്തേടത്ത്പറമ്പിൽ ത്രേസ്യാമ്മ, മാണിക്കത്താട്ട് ദേവകി ദാമോദരൻ, തോട്ടുംകരയിൽ സലിം, ചിറ്റടിച്ചാലിൽ രാജേഷ്, പാമ്പനാചാലിൽ മനോജ്, പാമ്പനാചാലിൽ ഗോപാലൻ എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഇവര്‍ക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതായി ജില്ല ഭരണകൂടം അറിയിച്ചു.
ആവശ്യമെങ്കിൽ അപകട സ്ഥലത്തിന് സമീപത്തെ കോളനിയിൽ താമസിക്കുന്നവരെയും ഇവിടേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.
തൊടുപുഴ-പുളിയന്മല റോഡിൽ രാത്രി യാത്ര നിരോധിച്ചു
ഇടുക്കി: ജില്ലയിൽ അതിശക്തമായ മഴക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ നിലനില്‍ക്കുന്നതിനാലും ജില്ലയിൽ സുരക്ഷയുടെ ഭാഗമായി തൊടുപുഴ- പുളിയന്മല റോഡിൽ അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ രാത്രിയാത്ര (രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ) നിരോധിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, റവന്യൂ സിവില്‍ ദുരന്ത നിവാരണം, തദ്ദേശ സ്വയംഭരണം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, സിവില്‍ സപ്ലൈസ്, കേരള വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവ ഉള്‍പ്പെടെ അവശ്യസര്‍വിസുകളിലെ ജീവനക്കാര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം ഈ സമയത്ത് യാത്ര ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.