നരഭോജി കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചു
text_fieldsതൃശൂർ: വയനാട്ടിൽനിന്നും പിടികൂടിയ നരഭോജി കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. വനം വകുപ്പിൻ്റെ പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് രാവിലെ പുത്തൂരിൽ എത്തിച്ചത്. 8.20നാണ് കടുവയെ വാഹനത്തിൽനിന്നും ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. പരിക്കേറ്റ കടുവക്ക് വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ. കീർത്തി അറിയിച്ചു.
വയനാട് വാകേരി കൂടല്ലൂരിൽ കർഷകനെ കൊന്നുതിന്ന കടുവ തിങ്കളാഴ്ചയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം തുടങ്ങി പത്താംനാളിലാണ് കൂട്ടിലായത്. കടുവ കൂട്ടിൽ കുടുങ്ങിയത് പ്രദേശവാസികളാണ് ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് അധികൃതർ കൂട് അടക്കം ട്രാക്ടറിൽ കയറ്റി. കുപ്പാടിയിലെ വന്യമൃഗ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനം.
ഇതിനിടയിൽ സംഘടിച്ചെത്തിയ നാട്ടുകാർ വഴിതടഞ്ഞു. പിടികൂടിയ കടുവയെ വെടിവെച്ചു കൊല്ലണമെന്ന ആവശ്യം ഉന്നയിച്ച് ജനം പ്രതിഷേധിച്ചു. സ്ത്രീകളടക്കമുള്ള ജനക്കൂട്ടം വഴി ഉപരോധിച്ചു. സ്ഥലത്തെത്തിയ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കും കടുവയെ വെടിവെച്ച് കൊല്ലണമെന്ന അഭിപ്രായം തന്നെയായിരുന്നു. കൊല്ലാനാവില്ലെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞതോടെ സംഘർഷാന്തരീക്ഷമായി. എം.എൽ.എ ഉൾപ്പെടെ അനുനയ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആറരയോടെ സബ് കലക്ടർ മിസൽ സാഗർ ഭരത് സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും ഫലംകണ്ടില്ല.
രാത്രി എട്ടരയോടെ നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ കടുവയെ വനംവകുപ്പ് കുപ്പാടി പരിചരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പ്രജീഷിന്റെ സഹോദരന് ജോലി, കുടുംബത്തിന് കൂടുതൽ നഷ്ടപരിഹാരം, വനാതിർത്തിയിൽ കടുവപ്രതിരോധ നടപടികൾ തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കുമെന്ന് സബ് കലക്ടർ ഉറപ്പുകൊടുത്തിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.