കടുവയെ കണ്ടു, കിട്ടിയില്ല
text_fieldsവാകേരി: കഴിഞ്ഞ ദിവസം കർഷകനെ കൊന്നുതിന്ന കടുവയെ മൂന്നു ദിവസമായുള്ള തിരച്ചിലിനിടെ ചൊവ്വാഴ്ച രാവിലെ കാണാനായെങ്കിലും പിടികൂടാനായില്ല. രാവിലെ വനമേഖലയോട് ചേർന്നുള്ള മാരമല കോളനിയിലെ വീട്ടമ്മയാണ് പുല്ല് ചെത്താനിറങ്ങിയപ്പോൾ കടുവയെ കണ്ടത്. ഇത് തിരച്ചിൽ സംഘത്തിനും നാടിനും പ്രതീക്ഷ നൽകി. ഇതോടെ ദൗത്യസംഘം കടുവക്കായി തിരച്ചിൽ ഊർജിതമാക്കി. കടുവയെ കണ്ടെന്ന് പറയുന്ന വനമേഖലയുടെ മൂന്നുകിലോ മീറ്ററോളം ചുറ്റളവിൽ മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാവിലെ മുതൽ മാരമല, ഒമ്പതേക്കർ, ഗാന്ധിനഗർ എന്നിവിടങ്ങളിൽ തിരച്ചിൽ ഊർജിതമാക്കിയിരുന്നു. വനംവകുപ്പിന്റെ 60ഓളം പേരുടെ സംഘമാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. പ്രദേശത്ത് 36 ഓളം കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കടുവയെ പിടികൂടാൻ തിങ്കളാഴ്ച കൂടല്ലൂരിലെ തോട്ടത്തിൽ കൂട് സ്ഥാപിച്ചിട്ടുണ്ട്. ചെതലയം റേഞ്ച് ഓഫിസിൽനിന്നാണ് കൂട് സ്ഥലത്ത് എത്തിച്ചത്. കടുവയെ മയക്കുവെടി വെച്ച് പിടികൂടിയാലും പ്രജീഷിനെ കൊന്ന കടുവയാണെന്ന് തിരിച്ചറിഞ്ഞാൽ ഉത്തരവിൽ പറഞ്ഞതുപോലെ വെടിവെച്ചു കൊല്ലണമെന്നാണ് ജനപ്രതിനിധികളടക്കം പറയുന്നത്. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞതുകൊണ്ടു മാത്രമാണ് പ്രതീഷിന്റെ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കാൻ തങ്ങൾ തയാറായതെന്നുമാണ് നാട്ടുകാരടക്കമുള്ളവരുടെ നിലപാട്. വൈകീട്ടോടെ തിരച്ചിൽ അവസാനിപ്പിച്ചു. രാത്രി പ്രദേശത്ത് പട്രോളിങ് നടത്തും. നാളെയും തിരച്ചിൽ തുടരും.
ഭയത്തിന്റെ നിഴലിൽ ഗ്രാമം
വാകേരി: കടുവ എവിടെ പോയി ഒളിച്ചുവെന്ന ആശങ്കയിൽ ഒറ്റക്കുപോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. കുട്ടികളെ ഒറ്റക്ക് സ്കൂളിൽ വിടാനും വിവിധ ആവശ്യങ്ങൾക്കായി ഒറ്റക്ക് പുറത്തുപോയി വരാനും കഴിയാതെ ഭയപ്പാടിന്റെ നിഴലിലാണ് എല്ലാവരും. കുട്ടികളെ സ്കൂളിൽ കൊണ്ടുപോകാനും തിരിച്ചുകൊണ്ടുവരാനും മുതിർന്നവർ കൂടെ പോകേണ്ട അവസ്ഥയാണ്.
വാകേരി കൂടല്ലൂർ പ്രദേശത്തിന്റെ മൂന്നുഭാഗവും വനമാണ്. വർഷങ്ങൾക്കു മുമ്പ് പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ പ്രദേശവാസിയായ രതീഷ് മരിച്ചിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ വനാതിർത്തിയിൽ കൻമതിലും ഫെൻസിങ്ങും നിർമിച്ചത്. എന്നാൽ, മൂന്നു കിലോ മീറ്റർ ദൂരം പൂർത്തികരിച്ചിട്ടില്ല. ഇതിലൂടെയാണ് വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത്. സുൽത്താൻ ബത്തേരിയിൽ നിന്ന് മൂടക്കൊല്ലി വരെ പത്തു കി.മീ ദൂരം റെയിൽ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്. കൂടല്ലൂരിലേക്ക് കല്ല് കൊണ്ട് മതിലും നിർമിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ തവണ മതിൽ നിർമാണം പൂർത്തിയാക്കാൻ ഫണ്ട് അനുവദിച്ചെങ്കിലും ഒന്നും നടപ്പാക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു. കൻമതിൽ തന്നെ പല പ്രാവശ്യം കാട്ടാന ചാടി കടന്ന് നാട്ടിലിറങ്ങിയിട്ടുണ്ട്. വനംവകുപ്പധികൃതർ അപ്പോഴെല്ലാം ഇവയെ പൂർത്തിയാകാത്ത ഭാഗത്തിലൂടെ വീണ്ടും കാട്ടിലേക്ക് തുരത്തി വിടുകയാണ് ചെയ്യുന്നത്.
വന്യമൃഗങ്ങളെ തുരത്താനുള്ള കവാടമായാണ് പൂർത്തീകരിക്കാത്ത ഭാഗത്തെ ഉപയോഗിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വന്യമൃഗ ശല്യം കാരണം പലരും കൃഷി ചെയ്യാതെ ഭൂമി തരിശായി ഇട്ടിരിക്കുകയാണ്. പ്രദേശത്തെ പലരും ഭൂമി വിറ്റു പോയി. വിറ്റ ഭൂമി പലതും ഭൂമാഫിയകളാണ് വാങ്ങിയത്. ഇത്തരം സ്വകാര്യ ഭൂമികൾ എല്ലാം കാടുപിടിച്ചു കിടക്കുകയാണ്.
കുറഞ്ഞ വിലക്ക് ഭൂമി വിറ്റ് മറ്റ് സ്ഥലത്ത് പോകേണ്ട അവസ്ഥയിലാണ് എല്ലാവരും. എന്നാൽ ഇത്തരത്തിൽ കിട്ടുന്ന തുക പുതിയ വീടും കൃഷിസ്ഥലവും വാങ്ങാൻ തികയാത്തതുകൊണ്ടുമാത്രം പ്രദേശത്ത് തന്നെ കഴിയുകയാണ്.
കർഷകരെ രക്ഷിക്കാനാകാത്തവർ രാജിവെക്കണം -കർഷക മോർച്ച
കൽപറ്റ: ജില്ലയിൽ കർഷകർ നിരന്തരം ആത്മഹത്യയിലേക്ക് പോകുന്നത് സർക്കാറിന്റെ കർഷക ദ്രോഹത്തിന്റെ ഫലമാണെന്ന് കർഷക മോർച്ച ജില്ല കമ്മിറ്റി. വന്യമൃഗശല്യത്തിന് ഫലപ്രദമായ പരിഹാരത്തിനായി സമരം ചെയ്തവർ ഭരണം കൈയാളുമ്പോൾ പ്രശ്നങ്ങളിൽനിന്ന് വഴുതിമാറുകയാണ്. പ്രജീഷിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ അനുവദിക്കണം. കർഷകരക്ഷകരെന്ന് അവകാശപ്പെടുന്ന കമ്യൂണിസ്റ്റ് ഭരണത്തിൽ കർഷകർക്ക് രക്ഷയില്ല. ഇത്തരക്കാർ രാജിവെച്ച് പുറത്തുപോകണം. ആരോട രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. ജോർജ്, ജി.കെ. മാധവൻ, സി.ബി. മനോജ് കുമാർ, കോഫി ബോർഡംഗം സുരേഷ് അരിമുണ്ട, പ്രമോദ് കടലി, വേണു എടക്കണ്ടി, കെ.എം. ബാഹുലേയൻ, ജയരാജൻ കുപ്പാടി, മധുസൂദനൻ, പി. പി. സന്തോഷ് ബാബു, ഗോപാലകൃഷ്ണൻ, പി. എ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
കർഷക പ്രതിരോധ സമിതി പ്രകടനം
സുൽത്താൻബത്തേരി: കൂടല്ലൂരിലെ യുവകർഷകനായ പ്രജീഷിനെ കൊന്നുതിന്ന കടുവയെ ഉടൻ വെടിവെച്ചുകൊല്ലണമെന്നും 50 ലക്ഷം രൂപയെങ്കിലും പ്രജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ജില്ല കർഷക പ്രതിരോധ സമിതി സുൽത്താൻ ബത്തേരി ടൗണിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. കർഷക പ്രതിരോധ സമിതി ജില്ല സെക്രട്ടറി വി.കെ. സദാനന്ദൻ, എഫ്.ആർ.എഫ് ജില്ല സെക്രട്ടറി എ.സി. തോമസ് ദേവസ്യ പുറ്റനാല് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.