കൊലപാതകങ്ങൾക്കെതിരെ നിലപാട് എടുക്കേണ്ട കാലം അതിക്രമിച്ചു -എം.എ. ബേബി
text_fieldsകോഴിക്കോട്: ആലപ്പുഴ വള്ളിക്കുന്നത്ത് അഭിമന്യു എന്ന പതിനഞ്ചുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ പ്രതിഷേധമറിയിച്ച് സി.പി.എം പൊളിറ്റ്ബ്യുറോ അംഗം എം.എ. ബേബി. ഒരു പിഞ്ചു ബാലന്‍റെ വയറ്റിൽ കഠാര കുത്തിക്കയറ്റി ഒറ്റക്കുത്തിന് കൊല്ലാൻ മടിക്കാത്തവരാണ് ആർ.എസ്.എസുകാർ. കക്ഷിരാഷ്ട്രീയത്തിന് ഉപരിയായി കേരളം ഇത്തരം കൊലപാതകങ്ങൾക്കെതിരെ ഒരു നിലപാട് എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും ബേബി പറഞ്ഞു.
ഒരു നൂറ്റാണ്ടായി ഇന്ത്യയെങ്ങും ആർ.എസ്.എസ് നടത്തിയ കൊലപാതകങ്ങളും വർഗീയ കലാപങ്ങളും അവരുടെ ക്രൂരത തെളിയിച്ചിട്ടുണ്ട്. കാൻസർ ബാധിച്ച് അമ്മ മരിച്ചു പോയ, സ്കൂൾ വിദ്യാർഥിയായ എസ്.എഫ്.ഐ പ്രവർത്തകനെയാണ് ഇവിടെ കൊന്നിരിക്കുന്നത്. ആർ.എസ്.എസിന്‍റെ ഇത്തരം കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ കേരളസമൂഹം മുന്നോട്ടിറങ്ങണം.
അമ്പലങ്ങളെ കൊലക്കളമാക്കുന്ന ആർ.എസ്.എസ് രീതി ഈ സംഭവത്തിലും ആവർത്തിക്കുന്നു. അമ്പലങ്ങളും ഉത്സവങ്ങളും വിശ്വാസികളുടെ കാര്യങ്ങളാണ്. ആർ.എസ്.എസിന് അവരുടെ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനുള്ള ഇടമല്ല അമ്പലങ്ങൾ. വിഷു ഉത്സവവേളയിലാണ് ഈ കൊലപാതകം നടത്തിയിരിക്കുന്നത്. വിഷു നമ്മുടെ പുതുവർഷ ഉത്സവമാണ്. ഈ ശുഭവേളയിലും കൊലക്കത്തിയുമാണ് ആർ.എസ്.എസുകാർ അമ്പലത്തിൽ വരുന്നത്. കൊലപാതകം രാഷ്ട്രീയം അല്ല. അക്രമം മാത്രമാണെന്നും എം.എ. ബേബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.