ടവർ ലൈൻ വീടിന് മുകളിൽ പൊട്ടിവീണു; കുട്ടികളടക്കം അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് അദ്ഭുതകരമായി
text_fieldsചെങ്ങമനാട്: വീടിന് മുകളിലേക്ക് 110 കെ.വിയുടെ ടവർ ലൈൻ പൊട്ടിവീണു വീടിന് തീപിടിച്ചു. അപകടത്തിൽ വീടിന് നാശനഷ്ടമുണ്ടായെങ്കിലും അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. നെടുമ്പാശ്ശേരി പഞ്ചായത്തിൽ കുറുപ്പനയം റോഡിലെ ഹരിത നഗറിൽ ഒഴിപ്പറമ്പിൽ വീട്ടിൽ നാസറിന്റെ വീടിന് മുകളിലൂടെ വലിച്ച ടവർ ലൈനാണ് പൊട്ടി വീണത്. വീടിനകവും, പുറവും തീപിടിച്ച് കോൺക്രീറ്റ് പല ഭാഗത്തും അടർന്ന് വീണ് കിടക്കുകയാണ്. കോൺക്രീറ്റ് കമ്പികൾ പുറത്ത് വന്ന നിലയിലാണ്. വൈദ്യുതീകരണ ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു.
ശനിയാഴ്ച ഉച്ചക്ക് 12.45ഓടെയാണ് സംഭവം. പ്രദേശത്ത് ചെറിയ തോതിൽ കാറ്റ് വീശിയിരുന്നു. ഈ സമയത്താണ് വൈദ്യുതി ലൈൻ ഉഗ്രശബ്ദത്തോടെ പൊട്ടിവീഴുകയും തീപിടിക്കുകയും ചെയ്തത്. അപകടസമയത്ത് നാസറിന്റെ ഭാര്യയും മകന്റെ ഭാര്യയും എട്ടും നാലും മൂന്നും വയസ്സുകാരായ കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്.
വീടിന്റെ സിറ്റ്ഔട്ടിലെ മുകൾ ഭിത്തിയും, വീടിനകത്തെ ഫാനുകൾ, ലാപ്ടോപ്,ടി.വി അടക്കമുള്ള വൈദ്യുതി ഉപകരണങ്ങളും, അകത്തും പുറത്തുമുള്ള മെയിൻ ബോക്സ്, സ്വിച്ച് ബോർഡുകൾ, ഇൻവെർട്ടർ അടക്കം കത്തി. വീടിനകവും പുറവും പുക നിറഞ്ഞതോടെ ഭീതിയിലായ കുട്ടികൾ വാവിട്ട് കരഞ്ഞു. ഇവരുടെ നിലവിളി കേട്ടാണ് സമീപവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്. സംഭവമറിഞ്ഞയുടൻ ചെങ്ങമനാട് കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി അപകടാവസ്ഥ ഒഴിവാക്കി.
തൊട്ടുപിറകെ അങ്കമാലി അഗ്നി രക്ഷ സേനയും സ്ഥലത്തെത്തി. വിവരമറിഞ്ഞ് ജോലി സ്ഥലത്തായിരുന്ന വീട്ടുടമ നാസറും മകൻ നഫ്സലും വീട്ടിലെത്തി. വീടിന്റെ മുകളിലും താഴെയും കോൺക്രീറ്റുകൾ തകർന്ന് കുഴികൾ രൂപം കൊണ്ടിട്ടുണ്ട്. ലൈൻ വീണതിനെ തുടർന്ന് സമീപത്തെ ഏതാനും വീടുകളിലെ ഫാനുകൾ അടക്കമുള്ള ഉപകരണങ്ങൾക്കും കേട് സംഭവിച്ചിട്ടുണ്ട്. മേഖലയിൽ വൈദ്യുതി മുടങ്ങിയെങ്കിലും പിന്നീട് കെ.എസ്.ഇ.ബി അധികൃതർ ഇടപെട്ട് പുനഃസ്ഥാപിച്ചു.
അതേസമയം, അപകടം നടന്ന ശേഷം കുറുമശ്ശേരി സബ് സ്റ്റേഷനിലും കളമശ്ശേരിയിലെ മെയിൻ സ്റ്റേഷനിലും അറിയിച്ചെങ്കിലും തിരിഞ്ഞ് നോക്കിയില്ലെന്ന് നാസറും സമീപവാസികളും ആരോപിച്ചു. സംഭവം സംബന്ധിച്ച് ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലും നാസർ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.