ടവറുകൾ കമീഷൻ ചെയ്യാൻ നടപടിയില്ല; മൊബൈൽ റേഞ്ചും ഇന്റർനെറ്റും ഇല്ലാതെ ആദിവാസികളും തോട്ടം തൊഴിലാളികളും
text_fieldsഅടിമാലി: അവികസിത പ്രദേശങ്ങളിൽ വാർത്തവിനിമയ സംവിധാനം എത്തിക്കാൻ പദ്ധതിയിട്ട് സ്ഥാപിച്ച മൊബൈൽ ടവറുകൾ കമീഷൻ ചെയ്യാൻ നടപടിയില്ല. ബി.എസ്.എൻ.എൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 14 മൊബൈൽ ടവറുകളാണ് ഉദ്ഘാടനം ചെയ്യാതെ കിടക്കുന്നത്.
ഇടമലക്കുടി, കുറത്തികുടി തുടങ്ങിയ അവികസിത ആദിവാസി സങ്കേതങ്ങളിൽ ഉൾപ്പെടെയാണ് ടവറുകൾ കമീഷൻ ചെയ്യാത്തത്. 2020ൽ കോവിഡ് ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ വിദ്യാർഥികളുടെ പഠനം ഓൺലൈനിലേക്ക് മാറിയിരുന്നു. ഈ സമയത്ത് മൊബൈൽ കവറേജും ഇന്റർനെറ്റും ഇല്ലാതായി. ഇത് വിദ്യാർഥികളുടെ ഭാവിതന്നെ ഇരുളടയുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചു. ഇതോടെ ഇടുക്കി എം.പി മുൻകൈയെടുത്ത് അവികസിത പ്രദേശങ്ങളിലും ആദിവാസി സങ്കേതങ്ങളിലും പുതിയ ടവറുകൾ സ്ഥാപിക്കാൻ നടപടിയായി.
അടിമാലി ഡിവിഷനിൽ മാത്രം 22 മൊബൈൽ ടവറുകൾ അനുവദിക്കുകയും എല്ലാ ടവറുകളുടെയും നിർമാണം പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, ഇവയിൽ 14 ടവറുകൾ ഉദ്ഘാടനം നടത്തി പ്രവർത്തനം തുടങ്ങാൻ ബി.എസ്.എൻ.എൽ നടപടി സ്വീകരിച്ചിട്ടില്ല. രണ്ട് ടവറുകൾ ഇടമലക്കുടിയിലും ഒരു ടവർ കുറത്തികുടിയിലും ചിന്നപ്പാറ, കട്ടമുടി ഉൾപ്പെടെ ഹൈറേഞ്ച് മേഖലയിലും ബാക്കി തോട്ടം മേഖലയിൽ സ്ഥാപിച്ച മൊബൈൽ ടവറുകൾ കമീഷൻ ചെയ്തിട്ടില്ല.
തോട്ടം മേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നതു സംബന്ധിച്ച് വിവരങ്ങൾ നൽകാനും മൊബൈൽ റേഞ്ച്, ഇന്റർനെറ്റ് സൗകര്യങ്ങളുടെ ഇല്ലായ്മ പരിഹരിക്കാനും ഒരുവർഷം മുമ്പാണ് പ്രദേശങ്ങളിൽ 22 ബി.എസ്.എൻ.എൽ ടവറുകൾ സ്ഥാപിച്ചത്. വൈദ്യുതി പോയാലും ടവറുകൾ പ്രവർത്തിപ്പിക്കാൻ സോളർ പാനലുകൾ ഉൾപ്പെടെ സൗകര്യങ്ങളോടുകൂടിയാണ് ഇവ സ്ഥാപിച്ചത്. 4ജി സൗകര്യങ്ങളോടുകൂടിയുള്ള ടവറുകളാണിവ.
ഒരുവർഷം മുമ്പ് ടവറുകളുടെ നിർമാണം പൂർത്തിയാക്കിയെങ്കിലും ഇവ കമീഷൻ ചെയ്യാൻ അധികൃതർ തയാറായില്ല. ഇതുമൂലം വിദൂര സ്ഥലങ്ങളിൽ മൊബൈൽ റേഞ്ചും ഇന്റർനെറ്റും ലഭിക്കാത്ത അവസ്ഥയാണുള്ളത്. പ്രധാനമന്ത്രിയുടെ യൂസോഫ്- 500 പദ്ധതിയുടെ ഭാഗമായാണ് ടവറുകൾ നിർമിച്ചത്. ഒക്ടോബർ ആദ്യവാരം ടവറുകൾ കമീഷൻ ചെയ്യുമെന്നാണ് ഒടുവിൽ അധികൃതർ അറിയിച്ചത്. വന്യമൃഗങ്ങളുടെ സാന്നിധ്യം സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.