കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിന് തീയിട്ടു; ഒരാൾ കസ്റ്റഡിയിൽ
text_fieldsകണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ച് തീയിട്ട് നശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ബുധനാഴ്ച രാത്രി 11ഓടെ കണ്ണൂരിൽ യാത്ര അവസാനിപ്പിച്ച ശേഷം മൂന്നാം പ്ലാറ്റ്ഫോമിന് സമീപം എട്ടാം യാർഡിൽ നിർത്തിയിട്ട ട്രെയിനിന്റെ പിന്നിൽനിന്ന് മൂന്നാമത്തെ ജനറൽ കോച്ചിനാണ് തീയിട്ടത്. സംഭവത്തിൽ യു. പി സ്വദേശിയെ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂരിൽനിന്നെത്തിയ മൂന്നു യൂനിറ്റ് അഗ്നിശമന സേന ഏറെ നേരത്തേ പ്രയത്നത്തിനൊടുവിലാണ് തീയണച്ചത്. ആർക്കും പരിക്കില്ല.
കഴിഞ്ഞമാസം എലത്തൂരിൽ ഓടുന്ന ട്രെയിനിൽ ഡൽഹി സ്വദേശി ഷാരൂഖ് സെയ്‌ഫി തീയിട്ടതിനെ തുടർന്ന് റെയിൽപാളത്തിൽവീണ് മൂന്നുപേർ മരിക്കാനിടയായ ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിൽതന്നെയാണ് വ്യാഴാഴ്ചയും തീവെപ്പുണ്ടായത്. അന്ന് അഗ്നിക്കിരയായ കോച്ചുകൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണുള്ളത്. ഇതിന് സമീപം നിർത്തിയിട്ട ട്രെയിൻ കത്തിച്ചതിൽ അട്ടിമറി സംശയിക്കുന്നുണ്ട്. എലത്തൂർ ട്രെയിൻ തീവെപ്പുമായി കണ്ണൂരിലെ സംഭവത്തിന് ബന്ധമുണ്ടോ എന്നതും അന്വേഷണത്തിലാണ്.
സ്ഥലത്ത് എൻ.ഐ.എയും പരിശോധന നടത്തി. കസ്റ്റഡിയിലുള്ള യു.പി സ്വദേശിയുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല. ട്രെയിനിൽനിന്നും ഇയാളുടെ വിരലടയാളങ്ങൾ കണ്ടെടുക്കാനായിട്ടില്ല. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇയാൾ കുറ്റം സമ്മതിച്ചതായി വിവരമുണ്ട്. രണ്ടുമാസം മുമ്പ് സ്റ്റേഷന്‍ പരിസരത്തെ കുറ്റിക്കാടിന് തീയിട്ട സംഭവത്തിനു പിന്നിലും ഇയാളായിരുന്നു.
വണ്ടിയിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട് പോർട്ടർമാരാണ് സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചത്. ഉടൻ അഗ്നിശമന സേനയെ വിവരമറിയിച്ചു. ഇവരുടെ വാഹനം ട്രാക്കിലേക്ക് എത്താൻ പ്രയാസപ്പെട്ടു. മറ്റു കോച്ചുകൾ പെട്ടെന്ന് വേർപെടുത്തിയതിനാൽ തീപടരുന്നത് തടയാനായി. പുലർച്ചെ രണ്ടരയോടെ തീയണച്ചു. ട്രെയിനിന്റെ ശുചിമുറിയുടെ ചില്ലുകൾ തകർത്ത നിലയിലാണ്. ക്ലോസറ്റിൽനിന്ന് വലിയ കല്ല് കണ്ടെത്തി.
ബുധനാഴ്ച രാത്രി 12ഓടെ ഒരാൾ ട്രെയിനിന്റെ അടുത്തേക്ക് പോകുന്നതായി ബി.പി.സി.എൽ ഇന്ധന സംഭരണശാലയിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.