പാതിവഴിയിൽ ട്രെയിൻ ‘തിരിഞ്ഞോടി’, അമ്പരന്ന് യാത്രക്കാർ
text_fieldsതിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ പാതിവഴിയിൽ നിന്ന് ട്രെയിൻ ‘തിരിഞ്ഞോടി’, എന്താണെന്നറിയാതെ വട്ടംകറങ്ങി യാത്രക്കാർ. ഞായറാഴ്ച പുനലൂർ-മധുര എക്സ്പ്രസിലെ യാത്രക്കാർക്കാണ് ദുരനുഭവം. കനത്ത മഴയുണ്ടായിട്ടും ഇത് സംബന്ധിച്ച് മുൻകൂർ ക്രമീകരണമേർപ്പെടുത്താതെ അവസാന നിമിഷം നിയന്ത്രണമേർപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്.
തിരുനെൽവേലിയിലെത്താൻ നാല് കിലോമീറ്റർ ശേഷിക്കെ, രാത്രി 12 ഓടെ വിജന സ്ഥലത്ത് ട്രെയിൻ നിർത്തിയിട്ടതായിരുന്നു തുടക്കം. ക്രോസിങ്ങോ മറ്റോ കാരണം നിർത്തിയതാകാമെന്നാണ് യാത്രക്കാർ ആദ്യം വിചാരിച്ചത്. എന്നാൽ, പിടിച്ചിടൽ അനന്തമായി നീണ്ടതോടെ യാത്രക്കാർ ആശങ്കയിലായി. പുറത്ത് കനത്ത മഴയായിരുന്നതിനാൽ അന്വേഷിക്കാനും മാർഗമുണ്ടായില്ല.
നാലര മണിക്കൂർ നീണ്ട പിടിച്ചിടലിനുശേഷം പുലർച്ച 4.45 ഓടെ എൻജിൻ പിറകിൽ ഘടിപ്പിച്ച് ട്രെയിൻ തിരിച്ച് നാഗർകോവിൽ ഭാഗത്തേക്ക് ഓടുകയായിരുന്നു. അപ്പോഴും എന്താണ് സംഭവിക്കുന്നതെന്ന് യാത്രക്കാർക്ക് നിശ്ചയമുണ്ടായില്ല. റിസർവ് ചെയ്ത് യാത്ര ചെയ്യുന്നവർക്കും ഗതാഗത നിയന്ത്രണത്തെക്കുറിച്ചും ട്രെയിൻ തിരിച്ചുവിടലിനെ കുറിച്ചും എസ്.എം.എസായി പോലും വിവരം നൽകിയിരുന്നില്ല.
ട്രെയിൻ തിരിച്ച് നാഗർകോവിൽ സ്റ്റേഷനിലെത്തിയപ്പോഴാണ് യാത്രക്കാർക്ക് കാര്യം മനസ്സിലായത്. സ്റ്റേഷൻ മാസ്റ്ററോട് പരാതിപ്പെട്ടപ്പോൾ കൗണ്ടറിൽ ടിക്കറ്റ് കാണിച്ചാൽ തുക റീ ഫണ്ട് ചെയ്യുമെന്നറിയിച്ചു. കൗണ്ടറിൽ എത്തിയപ്പോഴാകട്ടെ, ടിക്കറ്റ് നിരക്കിന്റെ 28 ശതമാനം മാത്രമാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.