പിഴയടച്ചില്ലെങ്കില്‍ ഡിസംബര്‍ ഒന്ന് മുതല്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ലെന്ന് ഗതാഗതവകുപ്പ്
text_fieldsതിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ അടച്ചില്ലെങ്കില്‍ ഡിസംബർ ഒന്നുമുതൽ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. മന്ത്രി ആൻറണി രാജുവിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. എ.ഐ. കാമറ സ്ഥാപിച്ചതിനുശേഷമുള്ള അഞ്ച് മാസങ്ങളില്‍ റോഡ് അപകട മരണ നിരക്ക് കുറഞ്ഞതായി യോഗം വിലയിരുത്തി. എ.ഐ. കാമറ സ്ഥാപിച്ച 2023 ജൂണ്‍ മുതല്‍ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് 1263 റോഡപകട മരണങ്ങളാണ് ഉണ്ടായത്. 2022-ല്‍ ഇതേ കാലയളവില്‍ സംസ്ഥാനത്ത് 1669 പേരാണ് മരിച്ചത്. ഈ വര്‍ഷം സെപ്റ്റംബര്‍ മാസം റോഡപകടങ്ങളില്‍ 273പേർ മരണപ്പെട്ടു. എന്നാല്‍, കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ റോഡ് അപകടങ്ങളില്‍ 365 പേരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 340 പേര്‍ റോഡപകടങ്ങളില്‍ മരണമടഞ്ഞപ്പോള്‍ ഈ വര്‍ഷം ഒക്ടോബറില്‍ ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 85 മരണങ്ങളാണുണ്ടായത്.
കാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ അഞ്ച് മുതല്‍ ഒക്ടോബര്‍ വരെ 74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 58,29,926 എണ്ണം പരിശോധിക്കുകയും 23,06,023 കേസുകള്‍ ഇൻറഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് മോണിറ്ററിങ് സിസ്റ്റത്തില്‍ അപ്ലോഡ് ചെയ്യുകയും 2,103,801 ചെല്ലാനുകള്‍ തയ്യാറാക്കുകയും ചെയ്തു. 139 കോടിയിലധികം രൂപ പിഴചുമത്താവുന്ന നിയമലംഘനങ്ങളാണ് ഈ കാലയളവില്‍ നടന്നത്. ഏകദേശം 21.5 കോടി രൂപ ഇതിനകം പിഴയായി ലഭിച്ചിട്ടുണ്ട്.
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളോടിച്ചതാണ് ഒക്ടോബര്‍ മാസത്തിലെ ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ 21,865. സഹയാത്രികര്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്തത് 16,581. കാറിലെ മുന്‍ സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്-23,296, കാര്‍ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്- 25,633, മൊബൈല്‍ ഫോണ്‍ ഉപയോഗം-662, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിള്‍ റൈഡ്- 698 തുടങ്ങിയവയാണ് ഒക്ടോബര്‍ മാസം കണ്ടെത്തിയ നിയമ ലംഘനങ്ങള്‍. ഇക്കാലയളവില്‍ 13 എംപി-എം.എൽ.എ വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.