ഗതാഗത മന്ത്രിക്ക് ട്രാന്‍സ്‌പോര്‍ട്ട് വ്യവസായത്തെ കുറിച്ച് ധാരണയില്ല; ചില ഭ്രാന്തന്മാര്‍ ലാഭത്തിനായി വാശി പിടിക്കുകയാണെന്ന് കാനം
text_fieldsഗുരുവായൂര്‍: ഗതാഗത മന്ത്രിക്ക് ട്രാന്‍സ്‌പോര്‍ട്ട് വ്യവസായത്തെ കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ ബദലുകളുയര്‍ത്തുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മുഖത്ത് കരിതേക്കാനാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നും കാനം കുറ്റപ്പെടുത്തി. കേരള സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന സമ്മേളനം ഗുരുവായൂരില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം.
സ്വന്തം അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് കെ.എസ്.ആര്‍.ടി.സി എം.ഡി ശ്രമിക്കുന്നത്. ബസില്‍ കയറാത്ത ഡയറക്ടര്‍മാര്‍ പുസ്തകം വായിച്ചാണ് കെ.എസ്.ആര്‍.ടി.സിയെ അറിയുന്നത്. ഏട്ടിലെ പശു പുല്ലു തിന്നില്ലെന്ന് അവര്‍ മനസിലാക്കണം. തൊഴിലാളികളെ ശത്രുക്കളായാണ് മാനേജ്‌മെന്റ് കാണുന്നത്. പകലന്തിയോളം പണിയെടുത്ത് കൂലിക്കായി ജന്മിയുടെ വാതില്‍ക്കല്‍ കാത്തു നില്‍ക്കേണ്ടി വന്ന പഴയ കാലത്തെ കര്‍ഷകന്റെ അവസ്ഥയിലാണ് ജീവനക്കാര്‍.
ചെലവ് കുറയുകയും വരുമാനം കൂടുകയും ചെയ്തിട്ടും ശമ്പളം കൊടുക്കാനാവാത്ത അവസ്ഥ എങ്ങിനെ വന്നുവെന്ന് പരിശോധിക്കണം. കെ.എസ്.ആര്‍.ടി.സിയുടെ ചിലവില്‍ മറ്റൊരു കമ്പനിയെ വളര്‍ത്തുകയാണിപ്പോള്‍. നല്ല റൂട്ടും വണ്ടികളുമെല്ലാം സ്വിഫ്റ്റിനാണ്. വിഭജനം കൊണ്ട് കെ.എസ്.ആര്‍.ടി.സി ലാഭത്തിലാകില്ല. പൊതുഗതാഗത സംവിധാനം എവിടെയും ലാഭേച്ഛയിലല്ല നടത്തുന്നതെന്നും കാനം പറഞ്ഞു. ചില ഭ്രാന്തന്മാര്‍ ലാഭത്തിനായി വാശി പിടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.എസ്.ടി.ഇ.യു സംസ്ഥാന പ്രസിഡന്റ് കെ.പി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, മുന്‍ എം.പി ചെങ്ങറ സുരേന്ദ്രന്‍, പി.വി. ചന്ദ്രബോസ്, എം.ജി. രാഹുല്‍, സി.എസ്. അനില്‍കുമാര്‍, എന്നിവര്‍ സംസാരിച്ചു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.