ലക്ഷദ്വീപിലെ യാത്രാപ്രതിസന്ധി; അമിത് ഷാക്ക് എളമരം കരീമിന്റെ കത്ത്
text_fieldsലക്ഷദ്വീപിലെ യാത്രാപ്രതിസന്ധിയിൽ അടിയന്തര പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് സി.പി.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എം.പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. കപ്പൽ സർവീസുകൾ വെട്ടികുറച്ചതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ലക്ഷദ്വീപ് നിവാസികൾ അനുഭവിക്കുന്നത്. ആഴ്ചയിൽ ഏഴ് കപ്പലുകൾ സർവീസ് നടത്തിയ സ്ഥാനത്ത് ഇന്ന് സർവീസ് നടത്തുന്നത് വെറും രണ്ട് കപ്പലുകൾ മാത്രമാണ്. ഇത് ലക്ഷദ്വീപിലെ വിദ്യാർഥികൾ, രോഗികളായ ദ്വീപ് നിവാസികൾ, ലക്ഷദ്വീപ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികൾ എന്നിവർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ ദ്വീപിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കപ്പലിൽ സീറ്റും ലഭിക്കുന്നില്ല. സ്വന്തം മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ സാധിക്കാത്തതിന്റെ പേരിൽ ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഉദ്യോഗസ്ഥനായ ഭവൻ ഖണ്ഡരെ ആത്മഹത്യ ചെയ്യേണ്ടി വന്നത് ഈ നിസഹായവസ്ഥയുടെ ആഴം വ്യക്തമാക്കുന്നു. മറ്റൊരു രാജ്യത്തേക്ക് സഞ്ചരിക്കുന്നതിനായിരുന്നില്ല ഈ തടസമെന്ന് ഓർക്കണം. കഴിഞ്ഞ മാർച്ച് മാസത്തിൽ ഇതേ വിഷയം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് അയച്ചിരുന്നു. എന്നാൽ
, ആറു മാസമായിട്ടും പ്രശ്നത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല, കത്തിനോട് ഒരു പ്രതികരണം പോലും സർക്കാരിൽ നിന്ന് ഉണ്ടായില്ലെന്നതും തീർത്തും നിരാശജനകമാണ്. ഇങ്ങനെ യാത്ര പ്രതിസന്ധി മൂലം ജനങ്ങൾ ഇപ്പോഴും പൊറുതിമുട്ടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വീണ്ടും കത്ത് നൽകിയത്.
ദ്വീപ് നിവാസികൾക്ക് മതിയായ യാത്രാ സൗകര്യം ഉറപ്പാക്കേണ്ടത് കേന്ദ്ര സർക്കാരിന്റെയും ദ്വീപ് ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമാണ്. കൂടുതൽ ദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ വിഷയത്തിൽ എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.