വിചാരണ നടപടികൾ ഇഴയുന്നു; 417 പേർ ഒരുവർഷത്തിലേറെയായി ജയിലിൽ
text_fieldsതിരുവനന്തപുരം: വിചാരണ നടപടികൾ ഇഴയുന്നതിനെതുടർന്ന് സംസ്ഥാനത്തെ വിവിധ ജയിലുകളിൽ ഒരുവർഷത്തിലേറെയായി തടവിൽ കഴിയുന്നത് 417 പേർ. ഇതിൽ ചിലർ അഞ്ച് വർഷത്തിലധികമായി ജയിലിലാണ്.
വിചാരണ വേഗത്തിലാക്കാൻ ഫാസ്റ്റ്ട്രാക്ക് കോടതികൾ ഉൾപ്പെടെ സംസ്ഥാനത്ത് സ്ഥാപിച്ചെങ്കിലും അത് വിജയിച്ചിട്ടില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. മനുഷ്യാവകാശത്തിനുവേണ്ടി മുറവിളി കൂട്ടുന്ന കേരളത്തിലാണ് ഈ അവസ്ഥയെന്നതും ശ്രേദ്ധയം. വിചാരണ പ്രതീക്ഷിച്ച് കഴിയുന്ന തടവുകാരിൽ ഒമ്പത് വനിതകളുണ്ട്. 28 പേർ യു.എ.പി.എ കുറ്റം ചുമത്തപ്പെട്ടവരാണ്.
അതീവ സുരക്ഷ ജയിലിൽ കഴിയുന്ന 29 പേരുണ്ട്. വിചാരണ നടപടികൾ പൂർത്തിയാക്കി ശിക്ഷ വിധിക്കുന്നതിലെ കാലതാമസംമൂലം കൂടുതൽ കാലം ഇവർക്ക് ജയിലിൽ കഴിയേണ്ട അവസ്ഥയാണ്. വിചാരണ പൂർത്തിയാക്കി കുറ്റം ചെയ്തിട്ടില്ലെന്ന് കണ്ടെത്തി വെറുതെവിട്ടാൽ ഇത്രയുംനാൾ തടവ് ശിക്ഷ അനുഭവിച്ചതിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുക്കാത്ത സാഹചര്യമാണുള്ളത്. അടുത്തിടെ സംസ്ഥാനത്തുണ്ടായ ചില സംഭവങ്ങൾ അത് ശരിെവക്കുന്നുമുണ്ട്. കൊലക്കേസിൽ വിചാരണ തടവുകാരായി വർഷങ്ങളോളം ശിക്ഷ അനുഭവിച്ചവരിൽ പലരേയും കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെ വിടുന്നുണ്ട്.
വിചാരണ തടവുകാർ കൂടുതൽകാലം ജയിലിൽ കഴിയുന്ന സാഹചര്യം ഒഴിവാക്കാൻ ജില്ല തല കമ്മിറ്റി മൂന്ന് മാസത്തിലൊരിക്കൽ കൂടുകയും കേസുകളുടെ കാലതാമസം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ ഇതൊന്നും പ്രായോഗികമാവുന്നില്ലെന്നുമാത്രം.
പത്ത് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കിൽ കേസന്വേഷണം പൂർത്തിയാക്കി 90 ദിവസത്തിനുള്ളിലും മറ്റ് കേസുകളിൽ 60 ദിവസത്തിനുള്ളിലും കുറ്റപത്രം സമർപ്പിക്കപ്പെട്ടാൽ ജയിലുകളിൽ കഴിഞ്ഞുകൊണ്ട് തന്നെ വിചാരണ നേരിടണമെന്നാണ് വ്യവസ്ഥ. അത്തരത്തിലുള്ള കേസുകളിൽ വിചാരണ നേരിടുന്നവരാണ് ഇപ്പോൾ ജയിലുകളിൽ കഴിയുന്നത്.
കുറ്റപത്രം സമർപ്പിക്കാൻ കാലതാമസമുണ്ടായാൽ ജാമ്യം ലഭിക്കുകയും ചെയ്യും. കേസുകളുടെ നടപടികൾക്കായി വിഡിയോ കോൺഫറൻസിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും ലക്ഷ്യപ്രാപ്തിയിലെത്തുന്നില്ലെന്ന് വിചാരണ തടവുകാരുടെ എണ്ണം ബോധ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.