പൊലീസ് സഹായത്തോടെ നാളെ കുടിയിറക്കുമോയെന്ന ആശങ്കയിൽ അട്ടപ്പാടിയിലെ ആദിവാസി കുടുംബം
text_fieldsകോഴിക്കോട്: സ്വന്തം ഭൂമിയിൽനിന്ന് നാളെ പൊലീസ് സഹായത്തോടെ കുടിയിറക്കുമോയെന്ന ആശങ്കയിൽ അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങൾ. ഷോളയൂർ ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ വടക്കേ കടമ്പാറ ഊരിലെ ചിന്നന്റെ അവകാശികളായ പെരുമാൾ അടക്കമുള്ളവരുടെ കുടുംബങ്ങളാണ് കുടിയിറക്കൽ ഭീഷണി നേരിടുന്നത്.
ഭൂമിക്കുമേൽ തമിഴ്നാട് കോയമ്പത്തൂർ സ്വദേശികളായ രാമത്താൾ, രുഗ്മിണി, ലോകനാഥൻ എന്നിവർക്ക് അവകാശമുണ്ടെന്ന് ഹൈകോടതി വിധിയുണ്ടെന്ന് ആദിവാസികൾ സമ്മതിക്കുന്നു. അതേസമയം റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് കോടതി വിധി നടപ്പാക്കാനെത്തിയാൽ എന്തു ചെയ്യുമെന്നാണ് നിസഹായരായ ആദിവാസികളുടെ ചോദ്യം.
ഈ ആദിവാസികളെ കുടിയിറക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടി എസ്.എം.എസ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയെന്ന് അട്ടപ്പാടി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മാധ്യമം ഓൺലൈനോട് പറഞ്ഞു. ഇവരുടെ പരാതി പ്രകാരം കോട്ടത്തറ വില്ലേജിലെ സർവേ നമ്പർ 1210-ൽ പെരുമാളിന്റെ മുത്തച്ഛനായ ചിന്നന് പട്ടയം ലഭിച്ച 7.75 ഏക്കർ ഭൂമിയാണിത്. വ്യാജ ഭൂരേഖകൾ ചമച്ചാണ് ഹൈകോടതിവിധി അനുകൂലമാക്കിയതെന്നാണ് ആക്ഷൻ കൗൺസിലിന്റെ പരാതിയിൽ ചൂണ്ടിക്കാണിച്ചത്. ഈ കുടുംബത്തിലുള്ള ആരും ഭൂമി ആർക്കും കൈമാറ്റം നടത്തിയിട്ടില്ല.
നിലവിൽ രണ്ടു വീടുകളിലായി ഈ ഭൂമിയിൽ മൂന്ന് ആദിവാസി കുടുംബങ്ങൾ ജീവിക്കുന്നുണ്ടെന്ന് കടമ്പാറയിലെ ഭൂമി സന്ദർശിച്ച് ടി.ആർ. ചന്ദ്രൻ പറഞ്ഞു. മറ്റൊരു വീട് നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഭൂമിയുടെ മറ്റ് അവകാശികൾ പലയിടത്തുമായി ജീവിക്കുകയാണ്. ഭൂമി ഇപ്പോഴും ആദിവാസികളുടെ കൈവശമാണെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ വീഡിയോയും ടി.ആർ. ചന്ദ്രൻ മാധ്യമം ഓൺലൈനിന് നൽകി.
ആക്ഷൻ കൗൺസിൽ നൽകിയ പരാതി പ്രകാരം ചിന്നൻ രണ്ട് ഏക്കർ ഭൂമി നേരത്തെ വാക്കാൽ പാട്ടത്തിന് നൽകിയിരുന്നു. രണ്ട് വർഷത്തിന് ശേഷം മുത്തച്ഛൻ പാട്ടം ഒഴിഞ്ഞ് തരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, പാട്ടത്തിന് എടുത്തയാൾ ഭൂമി മടക്കി നൽകിയില്ല. അവർ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തുവെന്നാണ് ആദിവാസികളുടെ ആരോപണം. മണ്ണാർക്കാട് സബ് രജിസ്റ്റാർ ഓഫിസിൽനിന്ന് ലഭിച്ച കുടിക്കട സർട്ടിഫിക്കറ്റ് പ്രകാരം ഭൂമി കൈമാറ്റം ചെയ്തിട്ടില്ല. വില്ലേജിലെ എ ആൻഡ് ബി രജിസ്റ്റർ പ്രകാരവും ഭൂമി മുത്തച്ഛനായ ചിന്നന്റെ പേരിലാണെന്ന് ആദിവാസികൾ അവകാശപ്പെടുന്നു.
ഭൂമി അന്യാധീനപ്പെടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് 2019-ൽ ഒറ്റപ്പാലം ആർ.ഡി.ഒക്ക് ഭൂമിയുടെ ആവകാശികൾ പരാതി നൽകിയിരുന്നു. അതിന്മേൽ റവന്യു ഉദ്യോഗസ്ഥർ ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല. ഇതിനിടയിൽ എതിർകക്ഷികൾ ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങി. നിലവിലെ വിധിക്കെതിരെ റിട്ട് അപ്പീൽ ഫയൽ ചെയ്തിട്ടുണ്ടെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു.
കേസുമായി ബന്ധപ്പെട്ട രേഖകൾ കോടതിയിൽ നിന്ന് ലഭിക്കണം. അതിനാൽ രേഖകൾ ഹാജരാക്കാൻ സമയം അനുവദിക്കണമെന്നും നിലവിലെ ഹൈകോടതിയുടെ വിധി പ്രകാരമുള്ള നടപടികൾ സ്വീകരിച്ച് ആദിവാസി കുടുംബങ്ങളെ കുടിയറക്കരുതെന്നുമാണ് ആക്ഷൻകൗൺസിൽ പരാതിയിൽ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.